80 കോടി പ്രകാശവര്‍ഷം അകലെ നക്ഷത്രക്കൂട്ടം ആസ്‌ട്രോസാറ്റ് കണ്ടെത്തി

ആബേല്‍ 2256 എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ഗ്യാലക്‌സി മൂന്ന് വ്യത്യസ്ത ഗ്യാലക്‌സികളുടെ കൂട്ടമാണ്

0

ചെന്നൈ: ഭൂമിയില്‍ നിന്ന് 80 കോടി പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്യാലക്‌സി ക്ലസ്റ്റര്‍ ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ കൃത്രിമോപഗ്രഹമായ ആസ്‌ട്രോസാറ്റ് കണ്ടെത്തി. ആബേല്‍ 2256 എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ഗ്യാലക്‌സി മൂന്ന് വ്യത്യസ്ത ഗ്യാലക്‌സികളുടെ കൂട്ടമാണ്. ഭാവിയില്‍ ഇവ ഓരോന്നും വ്യത്യസ്ത ഗ്യാലക്‌സികളായി രൂപാന്തരം പ്രാപിച്ചേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

സംയോജിച്ചിരിക്കുന്ന ഈ മൂന്ന് ഗ്യാലക്‌സി ക്ലസ്റ്ററുകളിലായി 500 ഗ്യാലക്‌സികളാണുള്ളത്. പ്രപഞ്ചത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗ്യാലക്‌സിയെക്കാള്‍ നൂറ് മടങ്ങ് വലുതും 1500 മടങ്ങ് ഭാരമേറിയതുമാണിത്. ഈ ഗ്യാലക്‌സികളില്‍ ആറെണ്ണത്തെ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പിന്റെ സഹായത്തോടെ ശാസ്ത്രജ്ഞര്‍ പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് ഇവയില്‍ കണ്ടെത്തിയ തിളക്കമേറിയ വസ്തുക്കള്‍ ഗ്യാലക്‌സിയിലെ നക്ഷത്രങ്ങളാണെന്ന നിഗമനത്തില്‍ എത്തിയത്.

ദൃശ്യപ്രപഞ്ചത്തില്‍ നക്ഷത്രങ്ങള്‍ അധികവും കൂട്ടങ്ങളായാണ് കാണപ്പെടുന്നത്. ഒരു പൊതു ഗുരുത്വകേന്ദ്രത്തെ ആധാരമാക്കിയാകും ഇത്തരം നക്ഷത്രങ്ങളുടെ ചലനം. ഇത്തരം സ്റ്റാര്‍ ക്ലസ്റ്ററുകളും ഒറ്റനക്ഷത്രങ്ങളുമെല്ലാം ചേര്‍ന്ന വലിയ നിര്‍മ്മിതിയെയാണ് ഗ്യാലക്‌സികള്‍ എന്നറിയപ്പെടുന്നത്. ഗ്യാലക്‌സി കേന്ദ്രത്തിലുള്ള അതിശക്തമായ ഒരു ഗുരുത്വമേഖലയെ ആധാരമാക്കിയാകും ഗ്യാലക്‌സികളിലുള്ള നക്ഷത്രങ്ങളുടെ സഞ്ചാരം. ഇത് മിക്കവാറും ഒരു തമോദ്വാരമായിരിക്കും. നൂറ് കണക്കിന് ഇത്തരം ഗ്യാലക്‌സികള്‍ കൂടുതല്‍ ശക്തമായ ഒരു ഗുരുത്വകേന്ദ്രത്തെ ആധാരമാക്കി ചലിച്ചുകൊണ്ടിരുന്നാല്‍ അത്തരം ഗ്രൂപ്പിനെയാണ് ഗ്യാലക്‌സി ക്ലസ്റ്ററുകള്‍ എന്ന് വിളിക്കുന്നത്. 1014 മുതല്‍ 1015 സൗരപിണ്ഡങ്ങള്‍ വരെയാണ് ഗ്യാലക്‌സി ക്ലസ്റ്ററുകളുടെ ആകെ പിണ്ഡം. 1980 വരെ ദൃശ്യപ്രപഞ്ചത്തിലെ ഏറ്റവും വലിയ നിര്‍മിതിയായാണ് ഗ്യാലക്‌സി ക്ലസ്റ്ററുകള്‍ അറിയപ്പെട്ടത്.

You might also like

-