കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാന്‍ നിയമ ഭേദഗതി 

1960-ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്‍റെ കരട് അംഗീകരിച്ചു.

0

തിരുവന്തപുരം :  കടകളിലും ഹോട്ടല്‍, റസ്റ്റോറന്‍റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960-ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്‍റെ കരട് അംഗീകരിച്ചു.

സെക്യൂരിറ്റി ഏജന്‍സികള്‍ വഴി ജോലിക്ക് നിയോഗിക്കപ്പെടുന്ന താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാനും തീരുമാനിച്ചു. ഇതിനുവേണ്ടി തൊഴിലാളി എന്ന പദത്തിന്‍റെ നിര്‍വ്വചനം വിപുലപ്പെടുത്തും.

തൊഴില്‍ സ്ഥലത്ത് ഇരിപ്പിടം ലഭ്യമാകുന്നില്ലെന്ന് തൊഴിലാളികളില്‍ നിന്നും സംഘടനകളില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍നിന്നും ലഭിച്ച പരാതി പരിഗണിച്ച് ഇരിപ്പിടം നല്‍കുന്നതിനുളള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്താനും നിശ്ചയിച്ചു. രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. രാത്രി ഒന്‍പത് മണിക്കു ശേഷവും രാവിലെ ആറ് മണിക്കും മുമ്പുമുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ച് പേരെങ്കിലുമുളള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടുള്ളൂ. ഈ അഞ്ചു പേരില്‍ രണ്ടു സ്ത്രീകളെങ്കിലുമുണ്ടായിരിക്കണം. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുളളൂ. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് താമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണം. നിലവിലെ നിയമപ്രകാരം രാത്രി ഏഴു മണിമുതല്‍ പുലര്‍ച്ചെ ആറ് മണിവരെയുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല. ഈ വ്യവസ്ഥ ഒഴിവാക്കിയാണ് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് സ്ത്രീകളെ രാത്രിയില്‍ ജോലിക്ക് നിയോഗിക്കാനുളള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നത്.

ലൈംഗിക പീഡനം തടയാനുളള കര്‍ശന വ്യവസ്ഥകളും കരട് ബില്ലിലുണ്ട്. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ പൂര്‍ണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. എല്ലാ കടകളിലും തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിടം അനുവദിക്കണം. സദാ നിന്നുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് ഇത്.

You might also like

-