കേജരിവാളിന് പിന്തുണയുമായി മുഖ്യമന്ത്രിമാർ; പിണറായിയും മമതയും നായിഡുവും കുമാരസ്വാമിയും
മോദിയുടെ മൂക്കിനു താഴെയുള്ള ഡൽഹിയിൽ ഒരാഴ്ചയായി തുടരുന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തയാൾ എങ്ങനെയാണ് രാജ്യത്തിനു സംരക്ഷണം നൽകുന്നതെന്ന് മമത ചോദിച്ചു.
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ കടന്നാക്രമണവുമായി നാലു മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരാണ് കേജരിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ അസാധാരണ നീക്കം നടത്തിയത്.
ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തിനായാണ് മുഖ്യമന്ത്രിമാർ ഡൽഹിയിലെത്തിയത്. ഡൽഹി ലഫ്.ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ സമരം നടത്തുന്ന കേജരിവാളിനെ കാണാൻ മമതയും നായിഡുവും അവസരം ചോദിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്ന് നാലു മുഖ്യമന്ത്രിമാരും ചേർന്ന് ലഫ്.ഗവർണറെ കാണാൻ അനുമതി ചോദിച്ചു. എന്നാൽ താൻ സ്ഥലത്തില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെ മുഖ്യമന്ത്രിമാർ ഒരുമിച്ച് കേജരിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം മാധ്യമങ്ങളെ കണ്ടു.
ആദ്യം ചന്ദ്രബാബു നായിഡു, പിന്നീട് എച്ച്.ഡി.കുമാരസ്വാമി, പിണറായി വിജയൻ, മമത ബാനർജി എന്നീ ക്രമത്തിലാണ് മുഖ്യമന്ത്രിമാർ മാധ്യമങ്ങളോടു സംസാരിച്ചത്. ഇതിൽ ആദ്യത്തെ മൂന്നു പേർ കേജരിവാളിനോടു ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണെന്നു മാത്രം പറഞ്ഞു നിർത്തിയപ്പോൾ മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു.
മോദിയുടെ മൂക്കിനു താഴെയുള്ള ഡൽഹിയിൽ ഒരാഴ്ചയായി തുടരുന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തയാൾ എങ്ങനെയാണ് രാജ്യത്തിനു സംരക്ഷണം നൽകുന്നതെന്ന് മമത ചോദിച്ചു. ലഫ്.ഗവർണറുടെ നടപടി ഭരണഘടനാ പ്രശ്നമാണെന്നും ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തിൽ പ്രധാനമന്ത്രിയോടു പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെടുമെന്നും മമത കൂട്ടിച്ചേർത്തു. ആറു ദിവസം കാത്തിരുന്നശേഷമാണ് തങ്ങൾ വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചതെന്നും മമത വ്യക്തമാക്കി.
കേജരിവാളിനെ കാണാൻ ലഫ്.ഗവർണറോട് അനുമതി തേടുന്നതിനു മുന്പ് നാലു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളിലെ വൈരം മറികടന്നാണ് പിണറായി വിജയനും മമതാ ബാനർജിയും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മാസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പിണറായിയും മമതയും കണ്ടിരുന്നെങ്കിലും സംസാരിച്ചിരുന്നില്ല.
ലഫ്. ഗവർണറുടെ ഒൗദ്യോഗിക ഓഫീസിലാണ് കേജരിവാളും മൂന്ന് മന്ത്രിമാരും സമരം നടത്തുന്നത്. ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, ഗോപാൽ റായ് എന്നീ മന്ത്രിമാരും കേജരിവാളിനൊപ്പമുണ്ട്.