ഒമ്പത് തീരദേശ ജില്ലകളില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 22.5 കോടി രൂപ

ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 22.5 കോടി രൂപ

0

 

തിരുവനതപുരം :കടലാക്രമണം നേരിടാൻ അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 22.5 കോടി രൂപ മന്ത്രിസഭ യോഗം അനുവദിച്ചു. പ്രളയത്തിൽ അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.5 കോടി രൂപ അനുവദിക്കാനാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.വിവിധ വകപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കും. അതാത് സ്ഥലങ്ങളിലെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനമെടുത്തു.

2018ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിനുള്ള പദ്ധതി സർക്കാർ രൂപീകരിക്കും. ‘പ്രത്യുത്ഥാനം’ എന്ന പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു കോടി രൂപ അനുവദിക്കും. വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ 15 ശതമാനത്തില്‍ കൂടുതല്‍ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.ഓരോ കുടുംബത്തിനും 25,000 രൂപയാണ് അധിക സഹായമായി ലഭിക്കുന്നത്. മൊത്തം 7,300 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം കടല്‍ ക്ഷോഭം രൂക്ഷമായ ചെല്ലാനം തീരമേഖലയില്‍ നടപ്പാക്കിയ ജിയോ ട്യൂബ് പദ്ധതി ഉപേക്ഷിക്കില്ലെന്നും തകരാറുകള്‍ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും എറണാകുളം ജില്ലാ കലക്ടര്‍. താത്കാലിക പരിഹാരമായി ഒരാഴ്ചയ്ക്കകം ജിയോ ബാഗുകള്‍ സ്ഥാപിക്കും. നിര്‍മ്മാണത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയതായും കലക്ടര്‍ വ്യക്തമാക്കി. കലക്ടറുടെ വാക്കുകളില്‍ പ്രതീക്ഷയില്ലെന്ന് പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതി പ്രതികരിച്ചു.

ജിയോ ട്യൂബ് സംവിധാനം ഫലപ്രദമാവാത്തതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് പരിഹാരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കാന്‍ കലക്ടര്‍ തീരുമാനമെടുത്തത്. അതേ സമയം ജിയോ ട്യൂബ് പദ്ധതി ഉപേക്ഷിക്കില്ലെന്നും തകരാറുകള്‍ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്നത്തിന്റെ ശ്വാശ്വത പരിഹാരത്തിനായി പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്നുമാണ് തീരദേശവാസികള്‍ പറയുന്നത്. താത്കാലിക പരിഹാരം എന്ന നിലയിൽ വീടുകൾ വാടകക്ക് എടുക്കാൻ ധന സഹായം വേണമെന്നും ജിയോ ബാഗ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

You might also like

-