1,526 കോടിയിലധികം വരുന്ന ലക്ഷദ്വീപ് ലഹരിക്കടത്ത് പ്രതികൾക്ക് പാക് ബന്ധം
കൊച്ചി | 1500 കോടിയിലധികം വരുന്ന ലക്ഷദ്വീപ് ലഹരിക്കടത്ത് കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കേസില്‍ പാകിസ്താന്‍ ബന്ധം സ്ഥിരീകരിച്ചു. പ്രതികളായ നാല് പേര്‍ക്ക് ലഹരിക്കടത്തില്‍ പാക് ശൃംഖലയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.വിഴിഞ്ഞം സ്വദേശി ഫ്രാന്‍സിസ്, പൊഴിയൂര്‍ സ്വദേശി സുജന്‍ എന്നിവര്‍ സംഘത്തിലുള്‍പ്പെട്ട മലയാളികളാണ്. ഇവരുടെ പാക് ബന്ധം നിലവില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കടത്തിന് ഒപ്പം ആയുധക്കടത്ത് ഉണ്ടായിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കൊച്ചിയുടെ പുറംകടലില്‍ ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം വന്‍ ലഹരി വേട്ടയാണ് നടന്നത്. രാജ്യാന്തര വിപണിയില്‍ 1526 കോടി രൂപ വിലവരുന്ന 218 കിലോ ഹെറോയിനാണ് പിടികൂടിയത്. ഡി.ആര്‍.ഐയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയപരിശോധനയിലാണ് രണ്ട് മത്സ്യബന്ധന ബോട്ടുകളില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയത്.തമിഴ്‌നാട് തീരത്തുനിന്ന് പുറപ്പെടുന്ന രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ അറബിക്കടലില്‍വച്ച് മേയ് മാസത്തില്‍ വന്‍ അളവില്‍ ലഹരിമരുന്ന് സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകള്‍ ലക്ഷദ്വീപിലെ അഗത്തിക്ക് സമീപത്തുനിന്ന് ബുധനാഴ്ച പിടികൂടിയത്. തമിഴരും മലയാളികളുമടക്കം ബോട്ടുകളിലുണ്ടായിരുന്ന 20 പേരെയും കസ്റ്റഡിയില്‍ എടുത്തു. പിടിച്ചെടുത്ത ബോട്ടുകളും ഹെറോയിനും ഫോര്‍ട്ടുകൊച്ചിയിലെ തീരസംരക്ഷണസേനയുടെ ജെട്ടിയില്‍ എത്തിച്ച് പരിശോധിച്ചു.
ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇറാൻ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലിൽ ഹെറോയിൻ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറുകയായിരുന്നു. ഹെറോയിൻ നിറച്ച ചാക്കിന് പുറത്ത് പാകിസ്ഥാൻ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളുമുണ്ട്. തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡിആർഐ പിടികൂടിയിട്ടുണ്ട്. പിടിയിലായ ബോട്ടുടമ ക്രിസ്പിന് ലഹരിമരുന്ന് കടത്തിൽ മുഖ്യപങ്കാളിത്തമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.പിടിയിലായ ബോട്ടിൽ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. നിരവധി രാജ്യാന്തര കോളുകൾ സാറ്റലൈറ്റ് ഫോണിലേക്ക് വന്നിട്ടുണ്ട്. അറബിക്കടലിൽ ഹെറെയിൻ കൈമാറ്റത്തിനുളള ലൊക്കേഷൻ നിശ്ചയിച്ചത് സാറ്റലൈറ്റ് ഫോണിലൂടെയാണ്. കളളക്കടത്തിനെപ്പറ്റി എൻ ഐ എയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ എൻ ഐ എ ചോദ്യം ചെയ്തു. മയക്കുമരുന്ന് പിടിച്ചതിന് പിന്നാലെ കന്യാകുമാരിയടക്കം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി.