കർണാടകയിൽ കരുത്തുകാട്ടി ബി ജെ പി ,കോൺഗ്രസ്സ് നിലം പൊത്തി
ബംഗളൂരു: കർണാടകയില്‍ വീണ്ടും താമര വിരിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേവലഭൂരിപക്ഷം കടന്നു. തെക്കൻ കർണാടക ഒഴികെ ബാക്കി എല്ലാ മേഖലകളിലും ബിജെപി ആധിപത്യം നേടി. വോട്ടെടുപ്പ് നടന്ന 222 മണ്ഡലങ്ങളിൽ കേവല ഭൂരിപക്ഷമായ 113 ന് പുറമേ 10 സീറ്റ് എങ്കിലും ബിജെപി അധികം നേടും എന്നാണ് ഏറ്റവും പുതിയ ട്രെന്‍റ് പറയുന്നത്. കര്‍ണാടകത്തിലെ ആറ് മേഖലകളില്‍ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി.
അതേസമയം, ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കോൺഗ്രസ് 57 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെഡി-എസ് 40 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ഇതോടെ ജെഡിഎസ് കർണാടകയിൽ നിർണായക ശക്തിയായി മാറിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽനിന്നു നയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശ്വരിയിൽ പരാജയം നേരിട്ടു. ജെഡിഎസ് സ്ഥാനാർഥി ജിടി. ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. അതേസമയം, ബദാമിയിൽ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്.
തീരദേശ, മധ്യമേഖലകളിൽ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഹൈദരാബാദ് കർണാടകത്തിലും കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ലിംഗായത്ത് മേഖലകളിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി.