വിപത്ത് നേരിടാൻ ഇടതുബദൽ :എസ് സുധാകര്‍ റെഡ്ഡി

0

മലപ്പുറം: ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണമാണ് രാജ്യം നേരിടുന്ന മുഖ്യവിപത്ത്.അതിനെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയുമാണ് അടിയന്തര കടമയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി.പറഞ്ഞു
ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിച്ചും മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഏകോപിപ്പിച്ചും വര്‍ഗ്ഗീയതക്കും നവ ഉദാരവത്കരണ നയങ്ങള്‍ക്കും എതിരായ വിശാല ഇടതുജനപക്ഷ വേദി രാജ്യത്ത് ഉയര്‍ന്നു വരണം,അത്തരമൊരു ദൗത്യത്തില്‍ സിപിഐ സിപിഐ(എം) ഐക്യം നിര്‍ണ്ണായകമാണ്.
വിശാലമായ ജനാധിപത്യ മതേതര വേദിയെന്നത് തെരഞ്ഞെടുപ്പു സഖ്യമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ വിശ്വാസമാര്‍ജ്ജിക്കേണ്ട ദൗത്യമാണ് നിര്‍വ്വഹിക്കേണ്ടത്.
ബിജെപിക്കെതിരായ പോരാട്ട ത്തിന് വിശാലമായ പൊതുവേദിയാണ് വളര്‍ന്നു വരേണ്ടത്. വൈവിധ്യങ്ങളുടെ രാജ്യത്ത് പ്രാദേശിക സഖ്യങ്ങള്‍ പ്രധാനമാണ്. ഓരോ സംസ്ഥാനത്തിനും അനുസൃതമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‌കേണ്ടി വരും.തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ സംസ്ഥാനങ്ങള്‍ തോറും മാറി വരാം.കൊല്ലത്തു ചേരുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്ത് പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് രൂപം നല്‍കും,സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.
മോഡി ഭരണത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ പാപ്പരാക്കപ്പെട്ടിരിക്കുന്നു. ഭരണകൂട ചെയ്തികള്‍ ഒരു സൂക്ഷ്മ ന്യൂനപക്ഷത്തില്‍ കേന്ദ്രീകരിക്കുന്നതിനാണ് വഴി വച്ചത്.തൊഴിലില്ലായ്മയും വിലവര്‍ധവും അതിവേഗം പടരുന്നതിനൊപ്പം കര്‍ഷക ആത്മഹത്യയും പെരുകുന്നു.
സാധാരണ ജനത്തിന് സാമൂഹ്യ സുരക്ഷിതത്വം അന്യമാകുന്നു.കുത്തകകളുടെ സമ്പത്ത് 41 ശതമാനത്തില്‍ നിന്നും മോഡി ഭരണത്തില്‍ 71 ശതമാനത്തിലേക്ക് കുതിച്ചുയരുകയായിരുന്നു. ദേശീയ സമ്പത്ത് രാജ്യത്തെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നന്‍മാരുടെ കൈയിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.കോണ്‍ഗ്രസ്സ് നടപ്പിലാക്കിയിരുന്ന ഉദാരവത്കരണ നയങ്ങള്‍ സ്വദേശി സാമ്പത്തിക നയങ്ങളുടെ വക്താക്കളായി ചമഞ്ഞ് അധികാരത്തിലെത്തിയ മോഡിയും കൂട്ടരും കൂടുതല്‍ തീവ്രതയോടെയാണ് നടപ്പിലാക്കുന്നത്.
അപകടകരമായ ഫാസിസ്റ്റ് പ്രവണതകള്‍ പ്രതിനിധീകരിക്കുന്ന മോഡി പൂര്‍ണ്ണമായും കുത്തകകളുടെ താല്‍പര്യാര്‍ഥമാണ് സാമ്പത്തിക രാഷ്ട്രീയ നയങ്ങള്‍ക്ക് രൂപം നല്‍കുന്നത് മോഡി സര്‍ക്കാര്‍. ഒരു വശത്ത് രാജ്യത്തെ വിറ്റഴിക്കുമ്പോള്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ മുതലെടുപ്പിനുമായി മറുഭാഗത്ത് വഴിയൊരുക്കുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങളും ദളിത് ജനവിഭാഗങ്ങളും വേട്ടയാടപ്പെടുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും നടപ്പിലാക്കി ജനജീവിതം ദുസ്സഹമാക്കിയ മോഡി ഭരണകൂടം കുത്തകകള്‍ക്ക് ബാങ്കുകള്‍ കൊള്ളയടിക്കുന്നതിന് അവസരമൊരുക്കുന്നു. രാജ്യം കൂടുതല്‍ കടുത്തതും ദുസ്സഹവുമായ നടപടികള്‍ക്കു വിധേയമാകുമെന്ന സൂചനപ്രകടമാണ്. ജനജീവിതം താറുമാറാക്കിയ ഭരണകൂട ചെയ്തികള്‍ക്കെതിരെ ജാഗരൂകരാകണം.
രാജ്യത്തിന്റെ അടിസ്ഥാന ശിലകളും മതേതര സ്വഭാവവും അട്ടിമറിക്കപ്പെടുകയാണ്. മതനിരപേക്ഷ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള നടപടികള്‍ക്കും കടുത്ത വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ഭരണകൂടം നേതൃത്വം നല്‍കുന്നു.
മോഡി ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ എതിര്‍പ്പ് പ്രതിദിനം വര്‍ധിക്കുമ്പോഴും ചെറുതും വലുതുമായ പോരാട്ടങ്ങള്‍ രാജ്യമെമ്പാടും ഉയരുമ്പോഴും വലിയൊരു വിഭാഗം ജനങ്ങളില്‍ നിസ്സഹായാവസ്ഥയും ആശങ്കയും നിലനില്‍ക്കുന്നു. അസഹിഷ്ണുതയുടെ ഭരണം തുടരുമോ എന്ന ഉത്കണ്ഠ ജനങ്ങളെ വേട്ടയാടുന്നു.ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ നമുക്ക് കഴിയണം.രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷ നിലപാടുകളും സംരക്ഷിക്കാനാകണം. ഇതിനായി കൃത്യമായ നിലപാടുകളും നയങ്ങളുമായി പാര്‍ട്ടിയുടെ ജനകീയ സ്വാധീനവും അടിത്തറയും കൂടുതല്‍ വികസിപ്പിക്കണം.ഇതോടൊപ്പം ഇടതുപക്ഷ ഐക്യം വിപുലപ്പെടണം.
കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമുദായിക ഐക്യം തകര്‍ക്കാന്‍ ആര്‍എസ്എസ്, ബിജെപി ശ്രമിക്കുന്നു.അഴിമതിക്ക് ഉപരിയെന്ന് ആവര്‍ത്തിക്കുന്ന ആര്‍എസ്എസ് ബിജെപി സംഘം അടിമുതല്‍ മുടിവരെ അഴിമതിയില്‍ പൂഴ്ന്നിരിക്കുന്നുവെന്ന് അണ്ണാ ഹസാരെ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് ജനസമ്മതിയുടെ നിര്‍മ്മാണത്തിനാണ് ബിജെപി സംഘപരിവാര്‍ ശ്രമം. എഴുപത്തിയഞ്ചു ശതമാനത്തോളം ദൃശ്യമാധ്യമങ്ങള്‍ കുത്തകകളുടെ ഉടമസ്ഥതയിലാണ്. കുത്തകകള്‍ക്കു വേണ്ടി മാത്രം നിലകൊള്ളുന്ന കേന്ദ്രഭരണകൂടത്തിന് അനുകൂലമായി ജനസമ്മതി രൂപീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജനം ഇക്കാര്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നതായും റെഡ്‌ഡി പറഞ്ഞു

You might also like

-