രാഹുല്‍ ഗാന്ധിക്ക് സ്നേഹപൂര്‍വ്വം യുവാവിന്‍റെ ചുംബനം
കാറിന്‍റെ മുന്‍ സീറ്റില്‍ ഇരുന്ന് പുറത്ത് കാത്തു നിന്നിരുന്ന ആളുകളെ അഭിവാദ്യം ചെയ്യുകയായിരുന്നു രാഹുല്‍.
വയനാട്: മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ സന്ദര്‍ശനം നടത്തവെ മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് സ്നേഹപൂര്‍വ്വം യുവാവിന്‍റെ ചുംബനം. കാറിന്‍റെ മുന്‍ സീറ്റില്‍ ഇരുന്ന് പുറത്ത് കാത്തു നിന്നിരുന്ന ആളുകളെ അഭിവാദ്യം ചെയ്യുകയായിരുന്നു രാഹുല്‍.
ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടയിലൂടെ വന്ന യുവാവ് ആദ്യം രാഹുലിന് ഹസ്തദാനം നല്‍കി. പിന്നീട് കെട്ടിപ്പിടിച്ച് കവിളില്‍ ചുംബനം നല്‍കുകയായിരുന്നു. ചുംബനം നല്‍കിയ ആളെ വീഡിയോയില്‍ മുഖം വ്യക്തമല്ലാത്ത ഒരാള്‍ പിടിച്ച് മാറ്റുന്നതും കാണാം. എന്നാല്‍, രാഹുല്‍ ഒരു ഭാവവിത്യാസവും ഇല്ലാതെ മറ്റുള്ളവര്‍ക്ക് ഹസ്തദാനം നല്‍കുന്നത് തുടര്‍ന്നു.
തന്‍റെ മണ്ഡലമായ വയനാട്ടിലെ മഴയ്ക്ക് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് എത്തിയത്. പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനും അറ്റക്കുറ്റപ്പണി ചെയ്യാനുമായി ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരിക്ക് കത്തയച്ചിരുന്നു.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് തന്‍റെ മണ്ഡലമായ വയനാടിനെയാണെന്നും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ദേശീയപാതയടക്കമുള്ള റോഡുകള്‍ തകരുകയും പിളര്‍ന്നു പോകുകയും ചെയ്തിട്ടുണ്ടെന്നും രാഹുൽ കത്തിൽ പറയുന്നു. ഈ സാഹചര്യത്തില്‍ റോഡുകളുടെ നവീകരണത്തിന് മുന്‍ഗണന നല്‍കണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്.