രാഷ്ട്രത്തിന്റെ ആദരം രാഷ്ട്രപതി നൽകണo ,ദേശീയ ചലച്ചിത്ര അവാർ‍ഡ് ബഹിഷ്കരിക്കും

0

ദില്ലി: ദേശീയ ചലച്ചിത്ര അവാർ‍ഡ് ജേതാക്കളിൽ 11 പേർക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്കു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാർഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെ അവാർഡ് ജേതാക്കളുടെ പ്രതിഷേധം ശക്തം. പുരസ്കാരം രാഷ്ട്രപതി നൽകിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പുരസ്കാര ജേതാക്കൾ വിശദമാക്കി. ഇവരെ അനുനയിപ്പിക്കാൻ മന്ത്രി സ്മൃതി ഇറാനി നടത്തിയ ശ്രമം പരാജയപ്പെട്ടു.

ഇന്നു നാലിനു വിജ്ഞാൻ ഭവനിലാണ് അവാർഡ് ദാനം നടക്കുക. ഇന്നലെ ചടങ്ങിന്റെ റിഹേഴ്സലിനെത്തിയപ്പോഴാണ് പുതിയ വ്യവസ്ഥ വ്യക്തമാക്കിയത്. ഫഹദ് ഫാസിൽ ഉൾപ്പടെയുള്ളവർ ദേശീയ അവാർഡ് ദാനം ബഹിഷ്ക്കരിക്കുമെന്ന് വിശദമാക്കി. 14 പ്രധാന പുരസ്‌കാരങ്ങളാണ് ഇക്കുറി മലയാളത്തിന് ലഭിച്ചത്.
രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നവരെ തിരഞ്ഞെടുത്തത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന പുരസ്കാര വിജയികളുടെ ചോദ്യത്തിന് ഈ വർഷം മുതലുള്ള പരിഷ്കാരമാണിതെന്നായിരുന്നു മറുപടി.ഇതോടെ പ്രതിഷേധം കനക്കുകയും പുരസ്കാര ജേതാക്കള്‍ ദേശീയ അവാർഡ് ദാനം ബഹിഷ്ക്കരിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
പുരസ്കാരമല്ല ചടങ്ങാണ് ബഹിഷ്കരിക്കുന്നത് എന്നു അവാർഡ് ജേതാക്കൾ വിശദമാക്കി. രാഷ്ട്രത്തിന്റെ ആദരം രാഷ്ട്രപതി തന്നെ നൽകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ക്ഷണക്കത്തിൽ ഉൾപ്പെടെ രാഷ്ട്രപതി പുരസ്‌കാരം നൽകുമെന്നാണ് പറഞ്ഞതെന്നും അവാർഡ് ജേതാക്കൾ പ്രതികരിച്ചു.

You might also like

-