മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആത്മഹത്യാ സ്‌ക്വാഡിനെയാണ് ഇറക്കിയിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍
ആകാശ് തില്ലങ്കേരി സിപിഐഎമ്മിന് അടഞ്ഞ അധ്യായമാണ്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണ ആവശ്യം ഇനിയും ഉയര്‍ന്നാല്‍ എതിര്‍ക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ആകാശ് തില്ലങ്കേരിയെ പാര്‍ട്ടിയിലെ ഒരാളും സംരക്ഷിച്ചിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
തിരുവനന്തപുരം | യാത്രാ സൗകര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്ടര്‍ തെരഞ്ഞെടുത്തതെന്നും പേടിച്ചിട്ടല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആത്മഹത്യാ സ്‌ക്വാഡിനെയാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ആകാശ് തില്ലങ്കേരി സിപിഐഎമ്മിന് അടഞ്ഞ അധ്യായമാണ്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണ ആവശ്യം ഇനിയും ഉയര്‍ന്നാല്‍ എതിര്‍ക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ആകാശ് തില്ലങ്കേരിയെ പാര്‍ട്ടിയിലെ ഒരാളും സംരക്ഷിച്ചിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.ഇ ഡിക്ക് മുന്നില്‍ എം ശിവശങ്കര്‍ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പണത്തോടുള്ള ആര്‍ത്തി കൂടുന്നത് സ്വഭാവികമാണ്. ഇത് ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസും-ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ട് വര്‍ഗീയ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ ഏതെങ്കിലുമൊന്ന് പരാജയപ്പെടുകയല്ല ചെയ്യുന്നത് മറിച്ച് രണ്ടും ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
രണ്ട് സംഘടനകളും ചര്‍ച്ച നടത്തിയത് കൊണ്ടെന്ത് കാര്യമെന്നും ആര്‍ എസ് എസുമായി ചര്‍ച്ച നടത്തി അവരുടെ വര്‍ഗീയ നിലപാട് മാറ്റിക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗാന്ധി വധം മുതല്‍ ഇങ്ങോട്ട് വര്‍ഗീയവാദികളുടെ പ്രവര്‍ത്തനം കണ്ടറിയുന്ന ഇന്ത്യയിലെ ജനങ്ങള്‍ അത് അംഗീകരിക്കില്ല എന്നോര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല . കാസര്‍ക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍