റെയ്‌ഡിനിടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിബിസി

ജീവനക്കാരുടെ മൊബൈൽ ഫോണും കമ്പ്യൂട്ടറുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മുതിർന്ന എഡിറ്റർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലുള്ളവരെ ഉദ്യോഗസ്ഥര്‍ അതിന് അനുവദിച്ചില്ലെന്നും ലേഖനത്തില്‍ പരാമർശിച്ചിട്ടുണ്ട്.

0

ഡൽഹി| ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥര്‍ ജീവനക്കാരുടെ അടുത്ത് അപമര്യാദയായി പെരുമാറിയെന്നും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലൂടെയാണ് ‌ബിബിസിയുടെ വിമര്‍ശനം. സര്‍വേ നടപടികളെ കുറിച്ചെഴുതുന്നതിന് വിലക്കുണ്ടായിരുന്നു. ജീവനക്കാരുടെ മൊബൈൽ ഫോണും കമ്പ്യൂട്ടറുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മുതിർന്ന എഡിറ്റർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലുള്ളവരെ ഉദ്യോഗസ്ഥര്‍ അതിന് അനുവദിച്ചില്ലെന്നും ലേഖനത്തില്‍ പരാമർശിച്ചിട്ടുണ്ട്. പ്രക്ഷേപണ സമയം അവസാനിച്ചതിനുശേഷമാണ് മാധ്യമപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചതെന്നും ബിബിസി പറഞ്ഞു

ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്നും വരുമാനം വകമാറ്റിയതായി കണ്ടെത്തിയതായും ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് രം​ഗത്തെത്തിയിരുന്നു. ബിബിസി ഉദ്യോഗസ്ഥര്‍ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും വകുപ്പ് കുറ്റപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ എത്തിയത്. ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാർട്ടികളും മുതിർന്ന മാധ്യമപ്രവർത്തകരും ആരോപിച്ചിരുന്നു. ചില പണമിടപാടുകള്‍ക്ക് നികുതി അടച്ചിട്ടില്ലെന്നും നികുതി വകുപ്പ് അവകാശപ്പെട്ടിരുന്നു. ബിബിസി ഉദ്യോഗസ്ഥര്‍ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും വകുപ്പ് കുറ്റപ്പെടുത്തി. മാധ്യമ പ്രവര്‍ത്തനം മുടക്കം കൂടാതെ സുഗമമാക്കുന്ന തരത്തിലാണ് സര്‍വേ നടത്തിയതെന്നും നികുതി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

You might also like

-