നിരവ് മോദി ന്യൂയോർക്കിൽ ?
ദില്ലി: തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ന്യൂയോർക്കിലുണ്ടെന്ന് സൂചന. നീരവ് മോദിയെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ഇന്‍റര്‍പോളിൻറെ സഹായം തേടി. നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ റെയിഡ് തുടരുകയാണ്.
പഞ്ചാബ് നാഷണൽ ബാങ്കില്‍ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി സ്വിറ്റ്സർലൻറിൽ ഉണ്ടെന്നായിരുന്നു ആദ്യ വിവരം. എന്നാൽ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ മോദിയുണ്ടെന്നാണ് പുതിയ സൂചന. ചില മാധ്യമങ്ങൾ മോദിയെ ഇവിടെ കണ്ടതായും റിപ്പോർട്ടു ചെയ്യുന്നുണ്ട്.
എൻഫോഴ്സ്മെൻറും സിബിഐയും മോദിയെ കണ്ടെത്താൻ ഇൻറർപോളിൻറെ സഹായം തേടി. ഇൻറർപോൾ ഇതിനകം അംഗരാജ്യങ്ങൾക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. വിജയ് മല്ല്യയെ പോലെ നീരവ് മോദിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളും നീണ്ടു പോകാനാണ് സാധ്യത.
നീരവ് മോദിയുടെ ബന്ധു മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജുവൽസിനെതിരെയും എഫഐആർ രജിസ്റ്റർ ചെയ്തു. മോദിയുടെ 17 സ്ഥാപനങ്ങളിൽ ഇന്നും പരിശോധന തുടരുകയാണ്. ഇതിനിടെ സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് 125 കോടി ഉൾപ്പടെ 17 ബാങ്കുകളിൽ നിന്ന് 3000 കോടി രൂപയുടെ വായ്പ കൂടി മോദി എടുത്തിട്ടുണ്ടെന്ന വിവരം പുറത്ത് വന്നു.
ഇതിൽ 90 കോടി മാത്രമാണ് ഇതുവരെ തിരിച്ചടച്ചത്. പഞ്ചാബ് നാഷണൽ ബാങ്ക് 8 ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്തു. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം തുടരുകയാണ്. നരേന്ദ്ര മോദി മൗനം വെടിയണമെന്നും അഴിമതിയെക്കുറിച്ച് പ്രതികരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.