തൂത്തുക്കുടി സംഘർഷംപോലീസിനെതിരെ ബോംബെറിഞ്ഞ പ്രതിയെത്തേടി തമിഴ്നാട് പോലീസ് ആലുവയിൽ
തൂത്തുക്കുടി എസ്ഐ അടക്കം നാലംഗ തമിഴ്നാട് സംഘം ലോക്കൽ പോലീസിന്റെ സഹായത്തോടെ എടയപ്പുറത്തെ ഇയാളുടെ താമസസ്ഥലത്ത് എത്തിയെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടു.
ആലുവ: സ്റ്റെർലൈറ്റ് കന്പനിക്കെതിരേ തുത്തൂക്കുടിയിലുണ്ടായ സംഘർഷത്തിൽ പോലീസിനെതിരേ ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതികളിലൊരാളെ തേടി തമിഴ്നാട് പോലീസ് ആലുവയിലെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിൽ വേൽരാജ് എന്നയാൾ ആലുവയ്ക്കടുത്ത് എടയപ്പുറം ഭാഗത്തുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്നാട് പോലീസ് എത്തിയത്.
തൂത്തുക്കുടി എസ്ഐ അടക്കം നാലംഗ തമിഴ്നാട് സംഘം ലോക്കൽ പോലീസിന്റെ സഹായത്തോടെ എടയപ്പുറത്തെ ഇയാളുടെ താമസസ്ഥലത്ത് എത്തിയെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ വേൽരാജ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടതായി സൂചന ലഭിച്ചതിനാൽ തമിഴ്നാട് പോലീസ് പിന്നാലെ പോയി.
തൂത്തുക്കുടിയിലുണ്ടായ സംഘർഷത്തിലും വെടിവയ്പ്പിലും നിരവധി പേർ മരിച്ചിരുന്നു. അക്രമത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു. വേൽരാജിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പോലീസുകാർ ഇപ്പോഴും ചികിത്സയിലാണ്. വീഡിയോ ദൃശ്യങ്ങളിൽ വേൽരാജിന്റെ പങ്കു തിരിച്ചറിഞ്ഞ പോലീസ് ഇയാൾക്കായുള്ള അന്വേഷണത്തിലായിരുന്നു.