ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി ശ്രീലങ്ക
ഇന്ത്യ, ബംഗ്ലാദേശ് ടീമുകളുമായുള്ള പരമ്പരയുമായി മുന്നോട്ടുപോകാൻ ഒരുക്കമാണെന്നും ഇരുടീമുകളുടെയും പ്രതികരണം കാത്തുനിൽക്കുകയാണെന്നും ശ്രീലങ്ക
കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനിടയിലാണ് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെപ്പറ്റി ശ്രീലങ്ക ക്രിക്കറ്റ് ആലോചിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ് ടീമുകൾ സന്നദ്ധത അറിയിച്ചാൽ വിമാന നിയന്ത്രണത്തിലടക്കം ഇളവുകൾ നൽകാൻ സർക്കാറും തയ്യാറായേക്കുമെന്നാണ് സൂചന. മുമ്പ് നിശ്ചയിച്ച ഇന്ത്യ, ബംഗ്ലാദേശ് ടീമുകളുമായുള്ള പരമ്പരയുമായി മുന്നോട്ടുപോകാൻ ഒരുക്കമാണെന്നും ഇരുടീമുകളുടെയും പ്രതികരണം കാത്തുനിൽക്കുകയാണെന്നും ശ്രീലങ്ക ക്രിക്കറ്റ് സി.ഇ.ഒ ആഷ്‌ലി ഡിസിൽവ പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ അനുവാദം ലഭിക്കുമ്പോൾ മാത്രമേ ഇന്ത്യൻ ടീം ഇനി മത്സരങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് ബി.സി.സി.ഐ ട്രഷറർ അരുൺ ധുമൽ വ്യക്തമാക്കിയിരുന്നു. ജൂണിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കാനാണ് ഇന്ത്യൻ ടീം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ തിയ്യതിയിൽ മാറ്റംവരുത്തിയാലും ശ്രീലങ്കയിലെ മത്സരങ്ങളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ബി.സി.സി.ഐ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല.
അതേസമയം അനുഭാവപൂർണമായാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ നിസാമുദ്ദീൻ ചൗധരി പ്രതികരിച്ചത്. ശ്രീലങ്കൻ ബോർഡുമായി ചർച്ച നടത്തുന്നുണ്ടെന്നും സർക്കാറിന്റെ അനുവാദവും കളിക്കാരുടെ താൽപര്യവുമുണ്ടെങ്കിൽ പരമ്പരയുമായി മുന്നോട്ടു പോയേക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പരിശീലനത്തിനെത്താൻ കളിക്കാർ തയ്യാറാണെന്നും എന്നാൽ അത് എപ്പോൾ ആരംഭിക്കുമെന്ന് പറയാനാകില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു.