ആതിര വധക്കേസ്: പ്രതി രാജനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
അരീക്കോട് വിവാഹത്തലേന്ന് മകളെ കൊലപ്പെടുത്തിയ പ്രതി രാജനെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം, വിവാഹത്തിന് അച്ഛന്‍റെ എതിര്‍പ്പുണ്ടായിരുന്നെന്നും പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചതെന്നും പ്രതിശ്രുത വരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആതിരയുടെ അച്ഛന്‍ കുറ്റസമ്മതം നടത്തിയതായി അരീക്കോട് പോലീസ് അറിയിച്ചു.
അഴീക്കോട് കിഴുപറമ്പില്‍ ആതിരയാണ് അച്ഛന്‍റെ കത്തിക്കിരയായത്. ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ അച്ഛന്‍ രാജനുള്ള എതിര്‍പ്പാണ് ദുരഭിമാനക്കൊലയില്‍ എത്തിച്ചത്. വിവാഹത്തലേന്നായ ഇന്നലെ വൈകുന്നരമുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് രാജന്‍ മകളെ വകവരുത്തിയത്. കുത്തേറ്റ് അയല്‍വാസിയുടെ വീട്ടിലേക്കൊടിയ ആതിര ആശുപത്രിയിലെത്തിക്കും മുന്‍പേ മരിച്ചു. വിവാഹം നിശ്ചയിച്ച ശേഷം വീട്ടില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നെന്ന് ആതിര പറഞ്ഞതായി പ്രതിശ്രുത വരന്‍ ബ്രിജേഷ് വെളിപ്പെടുത്തി.
ഒരു വേള രജിസ്റ്റര്‍ വിവാഹം കഴിക്കാനൊരുങ്ങിയെങ്കിലും, ആതിരയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് മധ്യസ്ഥ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരുവീട്ടുകാരുടെയും അനുമതിയോടെ വിവാഹം നിശ്ചയിക്കുകയായിരുന്നു. ഇതിനിടെയിലും രാജന്‍ പ്രശ്നങ്ങളുണ്ടാക്കി.
ദളിത് യുവാവിനെ വിവാഹം ചെയ്യുന്നതിലുള്ള എതിര്‍പ്പ് മൂലമാണ് ആതിരയെ കുത്തിയതെന്നും, തീയ്യ സമുദായത്തില്‍ പെട്ട തങ്ങള്‍ക്ക് വിവാഹം മാനക്കേട് ഉണ്ടാക്കുമെന്നുമാണ് രാജന്‍ പോലീസിന് നല്‍കിയ മൊഴി.