അമേരിക്കയിൽ ഇന്ത്യാ പ്രസ് ക്ലബ് മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിക്ക് തുടക്കമായി
ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം മെയ് അഞ്ചിനു ശനിയാഴ്ച ഡാളസില്‍ തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം നിര്‍വഹിച്ചു. ഡാളസ് കേരളാ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് 6 മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ ഐ.പി.സി.എന്‍.എ ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് ടി.സി. ചാക്കോ അധ്യക്ഷതവഹിച്ചു. സെല്‍വിന്‍ സ്റ്റാന്‍ലിയുടെ പ്രാര്‍ത്ഥനാഗാനത്തോടെ തുടക്കംകുറിച്ച പരിപാടിയില്‍ ചാപ്റ്റര്‍ സെക്രട്ടറി ബിജിലി ജോര്‍ജ് സ്വാഗതം ആശംസിച്ചു. ടി.സി ചാക്കോ അധ്യക്ഷ പ്രസംഗം നടത്തി. ഇന്ത്യാ പ്രസ്ക്ലബ് തുടങ്ങിവെച്ച മെഡിക്കല്‍ ജേര്‍ണലിസം പദ്ധതി ഡാളസില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും, നാഷണല്‍ കമ്മിറ്റിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ചാക്കോ പറഞ്ഞു.
നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര പ്രസ് ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സവിസ്തരം പ്രതിപാദിച്ചു. മെഡിക്കല്‍ ജേര്‍ണലിസത്തിനു കൂടുതല്‍ കരുത്ത് പകരുന്നതിനു ഈ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക ടീമിനു രൂപം നല്‍കിയതായി പ്രസിഡന്റ് അറിയിച്ചു. അമേരിക്കയിലെ പ്രസിദ്ധ ഭിഷഗ്വരന്മാരായ ഡോ. എം.വി. പിള്ള, ഡോ. റോയ് തോമസ്, ഡോ. സാറാ ഈശോ, ഡോ. എസ്.എസ്. ലാല്‍, ഡോ. ലീന ജോണ്‍സ് എന്നിവരാണ് മെഡിക്കല്‍ ജേര്‍ണലിസം ടീമിനു നേതൃത്വം നല്‍കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
ഐ.പി.സി.എന്‍.എ നാഷണല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, പ്രസിഡന്റ് ഇലക്ട് ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവരും യോഗത്തില്‍ പ്രസംഗിച്ചു.
ഡോ. എം.വി. പിള്ള മെഡിക്കല്‍ ജേര്‍ണലിസം കൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്ന് ലളിതമായി പ്രതിപാദിച്ചു. മെഡിക്കല്‍ ജേര്‍ണലിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യാ പ്രസ് ക്ലബ് തുടങ്ങിവെച്ച പദ്ധതി നാടിനും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുത്തി “റിസോഴ്‌സ് ആന്‍ഡ് ഇന്‍ഫര്‍മേറ്റീസ്’ സെന്ററാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും പിള്ള ഉറപ്പു നല്‍കി.