ദൃശ്യങ്ങള്‍ നല്‍കിയാല്‍ ദിലീപ് ചോര്‍ത്തുമെന്ന് പ്രോസിക്യൂഷന്‍

0

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. സുതാര്യമായ വിചാരണ ഉറപ്പാക്കാന്‍ ഈ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് കിട്ടേണ്ടത് അനിവാര്യമാണെന്ന് ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പ്പിള്ള ഹര്‍ജി അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.

നടി ആക്രമിക്കപ്പെടുന്ന വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം കേള്‍ക്കുന്നുണ്ട്. ഇത് നടിയുടേത് തന്നെയാണോ അതോ വേറെയാരുടെയെങ്കിലുമാണോ എന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ പോലീസ് ഒന്നും വ്യക്തമായി പറയുന്നില്ല.

മാത്രമല്ല വീഡിയോയിലെ ശബ്ദങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണോ എന്ന സംശയത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയണമെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് കിട്ടണമെന്നും രാമന്‍പ്പിള്ള വാദിച്ചു.

അങ്കമാലി കോടതിയില്‍ വെച്ച് പ്രതികളെന്ന നിലയില്‍ ദൃശ്യങ്ങള്‍ കണ്ടതല്ലേയെന്ന് ഹൈക്കോടതി രാമന്‍പ്പിള്ളയോട് ചോദിച്ചു. അപ്പോള്‍ കണ്ടതാണെന്നും എന്നാല്‍ വിചാരണയ്ക്കായി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു രാമന്‍പിള്ളയുടെ മറുപടി.

അതേസമയം ദൃശ്യങ്ങള്‍ പ്രതിഭാഗം പരിശോധിച്ചതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ വെച്ചാണ് ദൃശ്യങ്ങള്‍ കണ്ടത്. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആശ്യത്തിലധികം സമയം അന്ന് നല്‍കിയിരുന്നെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസിഫലി കോടതിയെ ബോധിപ്പിച്ചു. ദിലീപിന് ഇനി ദൃശ്യങ്ങള്‍ കൈമാറരുതെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഡിജിപി ചൂണ്ടിക്കാട്ടി.

വിസ്താരത്തിനിടെ  പ്രതിഭാഗം വീഡിയോ പരിശോധിക്കുന്നതില്‍  പ്രോസിക്യൂഷനു എതിര്‍പ്പില്ല എന്നാല്‍ അതിനു മുന്‍പ് ദൃശ്യങ്ങള്‍ കൈമാറരുത്. ഹര്‍ജി ഫയല്‍ ചെയ്യും മുമ്പേ തന്നെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി ചര്‍ച്ചയാക്കിയിട്ടുണ്ട് ദിലീപ്. ദിലീപിന് ദൃശ്യങ്ങള്‍ കൈമാറിയാലും ഇത് തന്നെ സംഭവിക്കുമെന്ന്  ഭയപ്പെടുന്നുവെന്നും പ്രതിയേക്കാള്‍ ഇക്കാര്യത്തില്‍ അവകാശം ഇരയായ പെണ്‍കുട്ടിക്കാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

എല്ലാ അവകാശങ്ങളും വേണമെന്ന് വാശി പിടിക്കാന്‍ പ്രതിക്കാവില്ല. അതില്‍ കുറച്ച് നിയന്ത്രണങ്ങള്‍ ഉണ്ടാവും. ദൃശ്യങ്ങള്‍ കൈമാറിയാല്‍ ജീവിതകാലം മുഴുവന്‍ ആക്രമിക്കപ്പെട്ട നടി പേടിച്ച് കഴിയേണ്ടി വരും. നടിയുടെ നീലച്ചിത്രമുണ്ടാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു.  ഹര്‍ജിയില്‍ വാദം ബുധനാഴ്ച്ച തുടരും.

You might also like

-