സിറോ മലബാർ സഭയുടെ സിനഡ് കൊച്ചിയിൽ
സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ചേരുന്ന യോഗത്തിൽ 57 മെത്രാൻമാർ പങ്കെടുക്കും.
കൊച്ചി: കൊച്ചി: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയേഴാമതു സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നാളെ ആരംഭിക്കും. സീറോ മലബാർ സഭയിലെ 63 മെത്രാന്മാരിൽ 57 പേർ സിനഡിൽ പങ്കെടുക്കുന്നുണ്ട്. അനാര്യോഗ്യവും പ്രായാധിക്യവും മൂലം ആറു മെത്രാന്മാർ പങ്കെടുക്കില്ല.
അദിലാബാദ് രൂപതാധ്യക്ഷൻ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ നൽകുന്ന ധ്യാനചിന്തകൾ സ്വീകരിച്ച് ആദ്യദിവസം രാവിലെ മെത്രാന്മാ ർ പ്രാർഥനയിലും നിശബ്ദതയിലും സിനഡിനായി ഒരുങ്ങും. ഉച്ചകഴിഞ്ഞു 2.30നു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും.എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന രീതിയിലുള്ള ചർച്ച സിനഡിൽ നടക്കും. 26നു സീറോ മലബാർ സഭയുടെ വിവിധ രൂപതകളിൽനിന്നുള്ള പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറിമാർ സിനഡ് സമ്മേളനത്തിൽ പങ്കെടുക്കും. സെക്രട്ടറിമാരെ യോഗവിവരം സഭാ കാര്യാലയത്തിൽനിന്ന് അറിയിച്ചിട്ടുണ്ട്.
സീറോ മലബാർ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ മേലധികാരികൾ എല്ലാ വർഷവും ചെയ്യുന്നതുപോലെ ഒരു ദിവസം സിനഡ് മെത്രാന്മാരുമായി ചർച്ച നടത്തും. സഭയുടെ വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും സിനഡിനു കീഴിലുള്ള വിവിധ മേജർ സെമിനാരികളിലെ റെക്ടർമാരും തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് സിനഡിൽ അവതരിപ്പിക്കും.
സിനഡിന്റെ ഫലപ്രദമായ നടത്തിപ്പിനും സഭയുടെ നന്മയ്ക്കും ദൈവമഹത്വത്തിനും ഉതകുന്ന തീരുമാനങ്ങൾ സിനഡിൽ രൂപപ്പെടുന്നതിനു പ്രത്യേകം പ്രാർഥിക്കാൻ വിശ്വാസികളെയും സമർപ്പിതരെയും വൈദികരെയും ഓർമിപ്പിച്ച് സഭയിലെ എല്ലാ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും സന്യാസ സമൂഹങ്ങളുടെ മേലധികാരികൾക്കും മേജർ ആർച്ച്ബിഷപ് കഴിഞ്ഞ ദിവസം കത്തുകളയച്ചിരുന്നു.
പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന സിനഡ് സമ്മേളത്തിനുവേണ്ട ക്രമീകരണങ്ങൾ സീറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ, വൈസ് ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, വിവധ കമ്മീഷനുകളിൽ പ്രവർത്തിക്കുന്ന വൈദികർ, സിസ്റ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായിവരുന്നു
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയിൽ നിന്ന് നീക്കണമെന്നും, ചുമതലകളിൽ നിന്ന് ഒഴിവാക്കിയ സഹായമെത്രാൻമാരെ വീണ്ടും നിയമിക്കണമെന്നും വിമത വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കർദിനാളിനെതിരെ നിലപാട് എടുത്തവർക്കെതിരെ നടപടി വേണമെന്നാണ് മറ്റു രൂപതകളിലെ ഒരു വിഭാഗം ബിഷപ്പുമാരുടെ നിലപാട്.