ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ യുവമോർച്ചയും ബിജെപിയും കരിങ്കൊടി പ്രതിഷേധം
യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
കോഴിക്കോട് |ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ യുവമോർച്ചയും ബിജെപിയും പ്രതിഷേധം നടത്തി. മന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ, എസ്എഫ്ഐ പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധവുമായി ബിജെപി ജില്ലാ നേതാക്കൾ രംഗത്തെത്തി. പിന്നീട് പൊലീസുമായി വാക്കുതർക്കവും ഉണ്ടായി. യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി വേണം, ഇല്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു മുന്നറിയിപ്പ് നൽകി.
പിന്നീട് മന്ത്രിയുടെ പരിപാടി നടക്കുന്നതിനുള്ള സ്കൂളിന് മുന്നിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി.പൊലീസ് മാർച്ച് തടഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചതിന് ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.കെഎസ്‌യുവും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി.കെഎസ്‌യു ജില്ലാ കമ്മറ്റിയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണം എന്ന ആവശ്യവുമായി ഇവർ പ്രതിഷേധം സംഘടിപ്പിച്ചു.
കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നിന്ന് എസ്എഫ്ഐ ഓൾ ഇന്ത്യ കോൺഫ്രൻസിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയെങ്കിലും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ ചെയ്ത് നീക്കി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വി ടി സൂരജിൻ്റെ നേതൃത്വത്തിലാണ് സമരം നടന്നത്. പ്രതിഷേധം കണക്കിൽ എടുത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചു.