എക്സൈസ്കസ്റ്റഡിയിലിൽ യുവാവ് മരിച്ച സംഭവം: ഉദ്യോഗസ്‌ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്
മൂന്ന് പ്രിവന്റിവ് ഓഫീസർമാർക്കും അഞ്ച് സിവിൽ എക്സൈസ് ഓഫീസര്‍മാര്‍ക്കും എതിരെയാണ് കൊലക്കുറ്റം ചുമത്തുന്നത്.
ത്രിശൂർ : കഞ്ചാവ് കേസിൽ തൃശൂരില്‍ എക്സൈസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്‌ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തു പോലീസ് കുറ്റക്കാരായ ഈ ഉദ്യോഗസ്‌ഥരെ നാളെ എക്സൈസ് വകുപ്പ് സസ്പെൻഡ് ചെയ്യും.
മൂന്ന് പ്രിവന്റിവ് ഓഫീസർമാർക്കും അഞ്ച് സിവിൽ എക്സൈസ് ഓഫീസര്‍മാര്‍ക്കും എതിരെയാണ് കൊലക്കുറ്റം ചുമത്തുന്നത്. മരിച്ച രഞ്ജിത്ത് കുമാറിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നവരാണ് ഇവർ. ഇവർക്കെതിരെ വകുപ്പ് തല നടപടിക്കും ശിപാര്‍ശയുണ്ട്. എക്സൈസ് അഡിഷണൽ കമ്മീഷണർ സാം ക്രിസ്റ്റിയുടെ അന്വേഷണ റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടാകുക. എട്ട് പേരിൽ നിന്നും എക്സൈസ് അഡിഷണൽ കമ്മീഷണർ മൊഴി രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് കുമാറിനെ മർദ്ദിച്ചില്ലെന്നും അക്രമാസക്തനായപ്പോള്‍ കീഴ്പെടുത്താൻ ബലപ്രയോഗം നടത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ഇവരുടെ മൊഴി.
രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്ത സ്‌ഥലവും സമയവും സംബന്ധിച്ചു പോലീസിന് സംശയം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഉദ്യോഗസ്‌ഥർ നൽകിയ മൊഴി വിശ്വസനീയമാണെന്നാണ് എക്സൈസ് അഡിഷണൽ കമ്മീഷണറുടെ റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്ത് കുമാർ എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. നിരവധി ലഹരി മരുന്ന് കേസുകളിൽ പ്രതിയായിരുന്നു രഞ്ജിത്ത്.