പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന വിജയനെ ആണ് ഇന്നലെ കണ്ടത്
പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടിലെന്നും. അക്കാര്യങ്ങൾ ഓർക്കാനോ പറയാനോ ആഗ്രഹിച്ചതല്ലെന്നും ലേഖകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താനെന്നും ‘ഓഫ് ദി റെക്കോർഡ്’ പറഞ്ഞ കാര്യമാണ് മാധ്യമപ്രവർത്തകൻ തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതെന്നും കെ.സുധാകരൻ വ്യക്തമാക്കി
പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന വിജയനെ ആണ് ഇന്നലെ കണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ബ്രണ്ണൻ കോളജ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയുകയായിരുന്നു കെ.സുധാകരൻ.പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടിലെന്നും. അക്കാര്യങ്ങൾ ഓർക്കാനോ പറയാനോ ആഗ്രഹിച്ചതല്ലെന്നും ലേഖകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താനെന്നും ‘ഓഫ് ദി റെക്കോർഡ്’ പറഞ്ഞ കാര്യമാണ് മാധ്യമപ്രവർത്തകൻ തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതെന്നും കെ.സുധാകരൻ വ്യക്തമാക്കി.
ഇത്ര സംസ്‌കാരഹീനമായ പ്രതികരണം ഒരു മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുന്നത് കേരള ചരിത്രത്തിൽ ഇതാദ്യമാണെന്ന് സുധാകരൻ പ്രതികരിച്ചു.ബ്രണ്ണൻ കോളജ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകി കെ.സുധാകരൻ. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നുവെങ്കിൽ എന്ത് കൊണ്ട് അന്ന് പരാതിപ്പെട്ടില്ലെന്ന് കെ.സുധാകരൻ ചോദിച്ചു.
‘സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു എന്ന വിവരം ലഭിച്ചാൽ സാധാരണഗതിയിൽ ഒരാൾ ആദ്യം പൊലീസിലാണ് പരാതിപ്പെടേണ്ടത്. ഭാര്യയോട് പോലും പിണറായി വിജയൻ അക്കാര്യം പറഞ്ഞില്ല. കുട്ടികൾക്ക് ഭീഷണിയുണ്ടെങ്കിൽ ആദ്യം ഭാര്യയോടല്ലേ പറയേണ്ടത് ? പക്ഷേ പിണറായി പറഞ്ഞില്ല. വിശ്വസിക്കാനാകുമോ ? ആരെങ്കിലും കേട്ടിട്ടുണ്ടോ അങ്ങനെ ? പൊലീസ് സ്റ്റേഷനിൽ പറഞ്ഞില്ല, അത് മനസിൽ വയ്ക്കുക. എന്നിട്ട് പിന്നീട് രാഷ്ട്രീയ ആരോപണമായി ഉയർത്തുക. സുധാകരന്റെ സാമ്പത്തിക സഹായി എന്ന് ആരോപിക്കുന്നു. പേര് പറയുന്നില്ല. ഇത്തരം അവ്യക്തമായ സൂചനകൾ ഒരു മുഖ്യമന്ത്രിയുടെ അന്തസിന് യോജിച്ചതല്ല എന്ന് പറയാതിരിക്കാനാകില്ല’- കെ സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി ഉയർത്തിയ വിദേശ കറൻസി ഇടപാടിനെ കുറിച്ചും കെ.സുധാകരൻ വിമർശിച്ചു. അഞ്ച് വർഷം കേരളത്തിൽ അഴിമതിയും സ്വജനപക്ഷപാതവും വച്ച് പുലർത്തിയ മുഖ്യമന്ത്രിയാണ് ഇക്കാര്യം പറയുന്നതെന്ന് സുധാകരൻ തുറന്നടിച്ചു.