YES ബാങ്കിൽ കിഫ്ബിക്ക് ഇപ്പോൾ ഒരു നയാപ്പൈസ നിക്ഷേപമില്ലെന്ന് .ചെന്നിത്തലക്ക് ഐസിക്കിന്റെ മറുപടി
2019ൽ YES ബാങ്കിൽ കിഫ്ബിയുടെ പണം നിക്ഷേപിച്ചിരുന്നെങ്കിലും ബാങ്കിന്‍റെ റേറ്റിങ് ഇടിഞ്ഞതോടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ പണം പിൻവലിച്ചിരുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി
തിരുവനന്തപുരം: YES ബാങ്കിൽ കിഫ്ബിയുടെ 268 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് രംഗത്തെത്തി. തകരുന്ന YES ബാങ്കിൽ കിഫ്ബിക്ക് ഇപ്പോൾ ഒരു നയാപ്പൈസ നിക്ഷേപമില്ലെന്ന് തോമസ് ഐസക് പറഞ്ഞു. 2019ൽ YES ബാങ്കിൽ കിഫ്ബിയുടെ പണം നിക്ഷേപിച്ചിരുന്നെങ്കിലും ബാങ്കിന്‍റെ റേറ്റിങ് ഇടിഞ്ഞതോടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ പണം പിൻവലിച്ചിരുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി. YES ബാങ്കിലെ നിക്ഷേപകർക്കെല്ലാം പണം തിരിച്ചു കിട്ടാൻ കാലതാമസമുണ്ടാകും. പക്ഷെ, നിക്ഷേപം നഷ്ടപ്പെടില്ല. റിസർവ്വ് ബാങ്ക് ഒരുമാസത്തേയ്ക്കുള്ള മൊറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ട്. റിസർവ്വ് ബാങ്ക് YES ബാങ്കിനെ എങ്ങിനെ പുനസംഘടിപ്പിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും തോമസ് ഐസക് പറഞ്ഞു. ധനമന്ത്രി ഐസക്ക് ചെയ്തത് മാപ്പ് അർഹിക്കാത്ത കുറ്റമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ധനമന്ത്രി തോമസ് ഐസക്
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ചുവടെ
കേരളത്തിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് എന്താണ് സംഭവിക്കുന്നത്? എന്തെങ്കിലുമൊരു കരക്കമ്പി കേട്ടാൽ നിജസ്ഥിതി അന്വേഷിക്കാതെ സർക്കാരിനെതിരെ പ്രസ്താവനയുമായി ഇറങ്ങുകയായി. തകരുന്ന YES ബാങ്കിൽ കിഫ്ബിയുടെ 268 കോടി രൂപ നിക്ഷേപം ഉണ്ടെന്നും ധനമന്ത്രി ഐസക്ക് ചെയ്തത് മാപ്പ് അർഹിക്കാത്ത കുറ്റമാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഒന്നു ഫോൺ ചെയ്തിരുന്നൂവെങ്കിൽ അദ്ദേഹത്തോട് നിജസ്ഥിതി ഞാൻ പറഞ്ഞു കൊടുക്കുമായിരുന്നല്ലോ.
എല്ലാവരുടെയും അറിവിലേയ്ക്കായി വ്യക്തമാക്കുകയാണ്. തകരുന്ന YES ബാങ്കിൽ കിഫ്ബിക്ക് ഇപ്പോൾ ഒരു നയാപ്പൈസ നിക്ഷേപമില്ല. കൂടെ ഒരുകാര്യംകൂടി വ്യക്തമാക്കട്ടെ. YES ബാങ്കിലെ നിക്ഷേപകർക്കെല്ലാം പണം തിരിച്ചു കിട്ടാൻ കാലതാമസമുണ്ടാകും. പക്ഷെ, നിക്ഷേപം നഷ്ടപ്പെടില്ല. റിസർവ്വ് ബാങ്ക് ഒരുമാസത്തേയ്ക്കുള്ള മൊറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ട്. റിസർവ്വ് ബാങ്ക് YES ബാങ്കിനെ എങ്ങിനെ പുനസംഘടിപ്പിക്കുമെന്ന് കാത്തിരുന്നു കാണാം.
‘ചെയ്യരുത്, ചെയ്യരുത്’ എന്ന് നിരവധി തവണ താൻ പറഞ്ഞിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്നത്. എന്നിട്ടും YES ബാങ്കിൽ കിഫ്ബി നിക്ഷേപിച്ചു (268 അല്ല, 207 കോടി രൂപ). ധനമന്ത്രി അല്ല ഇത് തീരുമാനിച്ചത്. പരിണിതപ്രജ്ഞരായ ബാങ്കിംഗ് വിദഗ്ധർ അടങ്ങുന്ന ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്മിറ്റിയുണ്ട്. അവർ തയ്യാറാക്കിയ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് പോളിസി കിഫ്ബി ബോർഡ് വിശദമായി പരിശോധിച്ച് അംഗീകാരവും നൽകിയിട്ടുണ്ട്. ഇതനുസരിച്ചാണ് കിഫ്ബി നിക്ഷേപം നടത്തുന്നത്.
ട്രിപ്പിൾ എ റേറ്റിംഗ് (AAA) ഉള്ള ബാങ്കുകളിലേ കിഫ്ബിയുടെ പണം സൂക്ഷിക്കൂ. അതുതന്നെ ഒറ്റസ്ഥാപനത്തിലായി പലിശ കൂടുതൽ കിട്ടിയാലും ഇടില്ല. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പല ബാങ്കുകളിലായി സ്പ്രഡ് ചെയ്താണ് നിക്ഷേപം നടത്തുന്നത്. ഈ ബാങ്കുകളുടെ റേറ്റിംഗ് ഇൻവെസ്റ്റ്മെന്റ് കമ്മിറ്റി മോണിറ്റർ ചെയ്യുകയും ചെയ്യും. ബന്ധപ്പെട്ട ബാങ്കുകളിൽ നിന്നും പലിശനിരക്ക് സംബന്ധിച്ച് ക്വട്ടേഷൻ എടുത്തിട്ടാണ് നിക്ഷേപം നടത്തുന്നത് എന്നുകൂടി പറയട്ടെ.
2019ൽ കിഫ്ബി നിക്ഷേപം നടത്തിയപ്പോൾ YES ബാങ്കിന് ട്രിപ്പിൾ എ റേറ്റിംഗ് ഉണ്ടായിരുന്നു. എന്നാൽ 2019 പകുതി ആയപ്പോൾ ബാങ്കിന്റെ റേറ്റിംഗ് താഴാനുള്ള പ്രവണത പ്രകടമായി. അപ്പോൾ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്മിറ്റി അത് തിരിച്ചറിഞ്ഞു. അവരുടെ ഉപദേശപ്രകാരം പ്രസ്തുത നിക്ഷേപം പുതുക്കാതെ ഒക്ടോബർ മാസത്തിൽ പണം പിൻവലിച്ചു. അതുകൊണ്ട് ഇപ്പോൾ ഒരു നയാപ്പൈസ പോലും YES ബാങ്കിന് എന്തു സംഭവിച്ചാലും കിഫ്ബിക്ക് നഷ്ടപ്പെടില്ല. തീർത്തും പ്രൊഫഷണലായി കിഫ്ബി മാനേജ് ചെയ്യുന്നതുകൊണ്ടാണ് ഇതിനു കഴിയുന്നത്. ഈ മേഖലയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും മിടുക്കൻമാരുടെ സേവനമാണ് ഇക്കാര്യത്തിൽ ഉറപ്പുവരുത്തിയിട്ടുള്ളത്. ഇക്കാര്യത്തിലൊന്നും പ്രതിപക്ഷ നേതാവിന് ഒരു ആശങ്കയും വേണ്ട.
അദ്ദേഹം തുടർന്ന് ചോദിക്കുന്നത് കിഫ്ബിയുടെ പണം ട്രഷറിയിൽ നിക്ഷേപിച്ചാൽ പോരെ എന്നാണ്. കിഫ്ബി വിപണിയിൽ നിന്നും വായ്പയെടുക്കുന്ന പണം ട്രഷറിയിൽ ഇടാൻ പാടില്ലെന്ന നിയമം നമ്മൾ ഒരുമിച്ചു പാസ്സാക്കിയത് പ്രതിപക്ഷനേതാവ് മറന്നു പോയോ? എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിയമം പാസ്സാക്കിയത്? സർക്കാരിന് ട്രഷറി വഴി വായ്പയെടുക്കാവുന്ന പണത്തിന് കേന്ദ്രസർക്കാർ കൃത്യമായ പരിധി കൽപ്പിച്ചിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനം. അത്രയും തുക നമ്മൾ ട്രഷറി വഴി എടുക്കുന്നുണ്ട്. അപ്പോൾ കിഫ്ബി പണംകൂടി നിക്ഷേപിച്ചാൽ അത് നിയമലംഘനമാകും. മാത്രമല്ല, ട്രഷറിയിലുള്ള പണം സർക്കാരിന്റെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. 1999ൽ ഇങ്ങനെ കിഫ്ബി വഴി എടുത്ത വായ്പ പശ്ചാത്തലസൗകര്യങ്ങൾക്ക് മുതൽമുടക്കാതെ ചെലവാക്കിത്തീർത്ത അനുഭവവും ഉണ്ട്. അതുകൊണ്ടാണ് ട്രഷറിയിൽ നിക്ഷേപിക്കാൻ പാടില്ലായെന്ന് കൃത്യമായ നിയമം നാം ഉണ്ടാക്കിയത്.
ട്രഷറിയിൽ ഇടാതെ ന്യൂജൻ ബാങ്കിൽ ഇടുന്നു എന്നൊക്കെ വിലപിക്കുമ്പോൾ പ്രതിപക്ഷനേതാവ് ഒരുകാര്യം മറക്കരുത്. ഈ ന്യൂജൻ ബാങ്കുകൾ നിങ്ങളുടെ സൃഷ്ടിയാണ്. അവയിൽ ചിലവ പൊതുമേഖലാ ബാങ്കുകൾ പോലെതന്നെ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ളവയാണ്. പൊതുമേഖലാ ബാങ്കുകളേക്കാൾ കൂടുതൽ ഉയർന്ന പലിശയും നൽകുന്നു. സുരക്ഷിതത്വത്തിനോടൊപ്പം പലിശനിരക്കുകൂടി കണക്കിലെടുത്താണ് കിഫ്ബി നിക്ഷേപം നടത്തുന്നത്. കിഫ്ബിയുടെ പണം വിപണിയിൽ നിന്നും സമാഹരിക്കുന്നതാണ്. വിപണിയ്ക്കു വിശ്വാസമുള്ള ചിട്ടകൾ പുലർത്തിയേപറ്റൂ.
പിന്നെ, ഒരുകാര്യംകൂടി ഓർമ്മിപ്പിക്കട്ടെ. ട്രഷറി അക്കൗണ്ടു വഴി ശമ്പളം നൽകാനുള്ള ലക്ഷ്യത്തെ അട്ടിമറിച്ചതിൽ താങ്കൾക്ക് വലിയൊരു പങ്കുണ്ട്. താങ്കൾ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ പൊലീസിന്റെ ശമ്പളമാണ് ആദ്യമായി ട്രഷറിയിൽ നിന്നും ബാങ്കുകൾ വഴിയാക്കി മാറ്റിയത്. പിന്നെ മറ്റു വകുപ്പുകളുടേതും. എത്ര ഭീമമായ നഷ്ടമാണ് ട്രഷറിക്ക് ഇതുവഴി ഉണ്ടാക്കിയതെന്ന് അറിയാമോ? അത് ചെറിയ തോതിലെങ്കിലും തിരുത്താനുള്ള ശ്രമമാണ് ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതിപക്ഷനേതാവിന്റെ മറ്റൊരു ദുസൂചന 9.72 ശതമാനം പലിശയ്ക്ക് എടുത്ത പണമാണ് YES ബാങ്കിൽ നിക്ഷേപിച്ചതെന്നാണ്. 9.72നു മാത്രമല്ല, അതിൽ താഴെയുള്ള പലിശയ്ക്കും വായ്പ എടുത്തിട്ടുണ്ട്. പക്ഷെ, ഈ പണം മറ്റേതെങ്കിലും ബാങ്കിൽ ഹ്രസ്വകാല അക്കൗണ്ടായോ സേവിംഗ്സ് അക്കൗണ്ടായോ സൂക്ഷിക്കുമ്പോൾ നാം വായ്പ എടുത്തപ്പോൾ നൽകേണ്ടുന്ന പലിശയേക്കാൾ താഴ്ന്ന പലിശയേ ലഭിക്കൂ. കിഫ്ബി ബിൽ തുക കൊടുക്കേണ്ടിവരുമ്പോൾ വായ്പയെടുക്കാൻ നടന്നാൽ മതിയോ? സമീപഭാവിയിൽ എത്ര തുക നൽകേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് അതിന് ആവശ്യമായ പണം മുൻകൂറായി വായ്പയെടുക്കും. അങ്ങനെ എടുക്കുന്ന പണം താൽക്കാലികമായി മറ്റു ബാങ്കുകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. ഇതൊക്കെ കിഫ്ബിയുടെ പ്രവർത്തനത്തിന്റെ ഭാഗമാണ്.
കിഫ്ബിയുടെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിൽ ഇത്രയേറെ ജാഗ്രത പാലിക്കുന്നുണ്ട്. എന്നാൽ കിഫ്ബിയ്ക്ക് എന്തെങ്കിലും ദോഷം സംഭവിച്ചു കാണാൻ അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ് നിർഭാഗ്യവശാൽ നമ്മുടെ പ്രതിപക്ഷ നേതാവ്. YES ബാങ്കിന്റെ പ്രതിസന്ധി എന്ന വാർത്ത കിട്ടിയ ഉടനെ കിഫ്ബിയുടെ ഇരുനൂറു കോടി നഷ്ടപ്പെട്ടു എന്ന് ആഹ്ലാദിക്കണമെങ്കിൽ എത്രമാത്രം അധഃപതിച്ച ഒരു മനോവിചാരത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത് എന്നാലോചിച്ചു നോക്കൂ. ഈ മനോഭാവം കൊണ്ട് കേരളത്തിന് എന്താണ് പ്രയോജനം? വ്യക്തിപരമായിപ്പോലും അദ്ദേഹത്തിനൊരു പ്രയോജനവുമില്ല. വഹിക്കുന്ന പദവിയുടെ ഉത്തരവാദിത്തത്തിന് അനുസരിച്ചു വേണം പ്രതികരണങ്ങൾ നടത്തേണ്ടത് എന്ന തിരിച്ചറിവ് നമ്മുടെ പ്രതിപക്ഷ നേതാവിന് എന്നാണ് ഉണ്ടാവുക?