സന്നിധാനത്തേക്ക് വീണ്ടും വനിതാ മാധ്യമപ്രവർത്തക
സന്നിധാനത്തേക്ക് പോകണമെന്നില്ലെന്നും പമ്പയിൽ നിന്ന് വാർത്ത ശേഖരിക്കാനാണ് എത്തിയതെന്നും ദീപ്തി പൊലീസിനോട് പറഞ്ഞു. ജോലി ചെയ്യാനാണ് എത്തിയതെന്നും ദർശനം നടത്തണമെന്നില്ലെന്നും ദീപ്തി അറിയിച്ചു
പമ്പ: വനിതാ മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും പമ്പയിൽ. ടി വി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്പേയിയും ക്യാമറാമാനുമാണ് ശബരിമലയിലേക്ക് പോകാന്‍ പമ്പയിലെത്തിയിരിക്കുന്നത്. വലിയ പൊലീസ് സംഘം തന്നെ ഇവര്‍ക്കൊപ്പമുണ്ട്. റിപ്പോർട്ടിംഗിനാണ് ദീപ്തിയും സംഘവും ഹൈദരാബാദില്‍നിന്ന് എത്തിയിരിക്കുന്നത്.
സന്നിധാനത്തേക്ക് പോകണമെന്നില്ലെന്നും പമ്പയിൽ നിന്ന് വാർത്ത ശേഖരിക്കാനാണ് എത്തിയതെന്നും ദീപ്തി പൊലീസിനോട് പറഞ്ഞു. ജോലി ചെയ്യാനാണ് എത്തിയതെന്നും ദർശനം നടത്തണമെന്നില്ലെന്നും ദീപ്തി അറിയിച്ചു. ഇവർക്ക് വേണ്ട സുരക്ഷയൊരുക്കാനാണ് പൊലീസ് തീരുമാനം. പമ്പയിൽ നിന്നാൽ പോലും സ്ത്രീകൾക്ക് സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് പൊലീസ് കണക്കുകൂട്ടുന്നു.നേരത്തേ നിലയ്ക്കൽ പോലും വനിതാമാധ്യമപ്രവർത്തകർക്ക് നേരെ ഒരു സംഘമാളുകൾ വലിയ ആക്രമണം അഴിച്ചു വിട്ടിരുന്നു. റിപ്പോർട്ടിംഗിനായിത്തന്നെ നേരത്തേ ശബരിമല കയറിയ ന്യൂയോർക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജിനെ ഒരു സംഘമാളുകൾ ആക്രമിച്ചു. മോജോ ടിവി റിപ്പോർട്ടർ കവിതയെയും അയ്യപ്പഭക്തരെന്ന് അവകാശപ്പെട്ട അക്രമികൾ ആക്രമിച്ചു. നിലയ്ക്കലേക്ക് ബസ്സിൽ പോയ ദ് ന്യൂസ് മിനിറ്റ് റിപ്പോർട്ടർ സരിത എസ് ബാലനെയും അക്രമികൾ കയ്യേറ്റം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രത തുടരുന്നത്.