ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പൊലിസ് സ്റ്റേഷനു മുമ്പിൽ ആത്മഹത്യക്ക് ശ്രമിച്ചു
വളരെ മോശമായാണ് സിഐ യുവതിയോട് പെരുമാറിയത്. തുടർന്ന് നീതിയ്‌ക്കായി യുവതി എസിപിയെയും സമീപിച്ചു. എന്നാൽ എസിപിയിൽ നിന്നും മോശം അനുഭവം നേരിട്ടതോടെ യുവതി സ്‌റ്റേഷന് മുൻപിൽ കൈഞരമ്പ് മുറിയ്‌ക്കുകയായിരുന്നു.
കൊല്ലം :ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പൊലിസ് സ്റ്റേഷനു മുമ്പിൽ ആത്മഹത്യക്ക് ശ്രമിച്ചു. പറവൂർ പൊലിസ് സ്‌റ്റേഷന് മുമ്പിൽ പ്രദേശവാസിയായ ഷംനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പീഡനവുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഷംന സ്റ്റേഷനു മുന്നിൽ കൈ ഞരമ്പ് മുറിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവും, ഭർതൃമാതാവും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 14 നാണ് ഷംന പോലീസിൽ പരാതി നൽകിയത്. എന്നാൽ ഒന്നരമാസം കഴിഞ്ഞും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് രാവിലെ യുവതി പരവൂർ പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് സിഐയോട് കാര്യം തിരക്കി. എന്നാൽ വളരെ മോശമായാണ് സിഐ യുവതിയോട് പെരുമാറിയത്. തുടർന്ന് നീതിയ്‌ക്കായി യുവതി എസിപിയെയും സമീപിച്ചു. എന്നാൽ എസിപിയിൽ നിന്നും മോശം അനുഭവം നേരിട്ടതോടെ യുവതി സ്‌റ്റേഷന് മുൻപിൽ കൈഞരമ്പ് മുറിയ്‌ക്കുകയായിരുന്നു.
ഗാർഹിക പീഡനത്തിന് പരാതി നൽകിയതിന് പിന്നാലെ തനിക്കെതിരെ ഭർത്താവ് കൊല്ലാൻ ശ്രമിച്ചെന്ന് ആരോപിച്ച് കേസ് കൊടുത്തിരുന്നതായി ഷംന പറഞ്ഞു. സിഐയുടെ ബന്ധുവാണ് ഭർത്താവ്. കേസ് പിൻവലിച്ചില്ലെങ്കിൽ ഭർത്താവ് നൽകിയ കേസിൽ പ്രതിയാക്കി നടപടി സ്വീകരിക്കുമെന്ന് സിഐ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പുറമേ സാക്ഷിമൊഴികളും, തെളിവുകളും സിഐ അട്ടിമറിക്കാൻ ശ്രമിച്ചു. നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഷംന വ്യക്തമാക്കി.അതേസമയം ഷംനയുടെ പരാതിയിൽ കേസ് എടുത്തിട്ടുണ്ടെന്നും, തെളിവില്ലാത്തതിനെ തുടർന്നാണ് അറസ്റ്റ് വൈകുന്നതെന്നുമാണ് പോലീസിന്റെ വാദം.