12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവതി 15 വയസുകാരൻ സഹോദരനെയും ലൈംഗികമായി പീഡിപ്പിച്ചു
12കാരിയുടെ സഹോദരനെയും 23കാരിയായ സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് കണ്ടെത്തൽ.നിർബന്ധിച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ പൊലീസിന് മൊഴി നൽകി.

കണ്ണൂർ | കണ്ണൂരിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർചെയ്ത പോലീസ് . 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പുളിമ്പറമ്പിലെ സ്നേഹ മെർലിനെതിരെയാണ് വീണ്ടും കേസ്. 12കാരിയുടെ സഹോദരനെയും 23കാരിയായ സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് കണ്ടെത്തൽ.നിർബന്ധിച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ പൊലീസിന് മൊഴി നൽകി. നേരത്തെ 15കാരൻ ഈ വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ, തന്നെയും ലൈംഗികമായി ഉപയോഗിച്ചെന്ന് ആൺകുട്ടി വീട്ടുകാരോട് തുറന്ന് പറയുകയായിരുന്നു. ആൺകുട്ടിയുടെ മൊഴിയെത്തുടർന്നു തളിപ്പറമ്പ് പൊലീസ് വീണ്ടും യുവതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു
കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ മാസം മൂന്നിനാണ് സ്നേഹ മെർലിൻ 12കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ചും സമ്മാനങ്ങൾ വാങ്ങി നൽകിയുമാണ് ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തു വന്നത്. പലതവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിന് മൊഴിനല്കിയിട്ടുണ്ട് .
സ്‌കൂളിൽ നടത്തിയ പരിശോധനക്കിടയിൽ പെൺകുട്ടിയുടെ ബാഗിൽ നിന്ന് അധ്യാപിക മൊബൈൽ ഫോൺ കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഫോൺ പരിശോധിച്ചപ്പോൾ സംശയം തോന്നിയ അധ്യാപിക കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകരുടെ ഉപദേശപ്രകാരം, രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് ലൈൻ കൗൺസിലിംഗ് സെഷനിലേക്ക് കൊണ്ടുപോയി, സെഷനിൽ, താൻ ഒന്നിലധികം തവണ പീഡനത്തിന് ഇരയായതായി കുട്ടി അവകാശപ്പെട്ടു. ഈ വെളിപ്പെടുത്തലിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ പരാതി നൽകിയതാണ് സ്‌നേഹ മെർലിൻ്റെ അറസ്റ്റിലേക്ക് നയിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി കുട്ടിക്ക് സ്വർണവളയടക്കമുള്ള സമ്മാനങ്ങൾ നൽകിയതായി കണ്ടെത്തി. ഫെബ്രുവരിയിൽ നടന്ന പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മറ്റൊരു 14 വയസ്സുകാരനെ പീഡിപ്പിച്ചതിൽ സ്‌നേഹ മെർലിനും പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട് . റിപ്പോർട്ടുകൾ പ്രകാരം, സ്നേഹ പീഡന ദൃശ്യംമൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ദൃശ്യങ്ങൾ ഉപയോഗിച്ച് കുട്ടിയെ ഭയപ്പെടുത്തി നിശബ്ദനാക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത് .
സ്നേഹ മറ്റ് കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന തരത്തിലുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, പരാതികൾ ലഭിക്കാത്തതിനാൽ അന്വേഷണം നടന്നിരുന്നില്ല യുവതി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നകാര്യം പോലീസ് പരിശോധിക്കുന്നുണ്ട് .മുൻ സി.പി.ഐ നേതാവ് കോമത്ത് മുരളിയെ ഹെൽമറ്റ് ഉപയോഗിച്ച് മർദിച്ചതിന് സ്‌നേഹ മെർലിനെതിരെ മറ്റൊരു കേസും നിലവിലുണ്ട്.