മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു.

കാട്ടാനയ്ക്ക് നേരെ സമീപത്തെ ആഡംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് എറിയുകയായിരുന്നു.

0

മസിനഗുഡി:തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ് മനസാക്ഷിയെ നടുക്കിയ കൊടും ക്രൂരത നടന്നത്. ശാരീരിക അവശതകള്‍ മൂലം പ്രദേശത്ത് ഭക്ഷണവും വെളളവും തേടിയെത്തിയ കാട്ടാനയ്ക്ക് നേരെ സമീപത്തെ ആഡംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. കത്തിയ ടയര്‍ ആനയുടെ ഇടത് ചെവിയില്‍ കൊരുത്തു കിടന്നു.

തീര്‍ത്തും അവശനായ നിലയില്‍ മുതുമല വന്യജീവി സങ്കേതത്തിന് സമീപം കണ്ട കാട്ടാനയ്ക്ക് വിദഗ്ദ ചികിത്സ നല്കാന്‍ വനം വകുപ്പ് കൊണ്ടുപോകുന്നതിനിടെയാണ് കാട്ടാന ചെരിഞ്ഞത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊളളലേറ്റ് രക്തം വാര്‍ന്നാണ് മരണമെന്ന വിവരം പുറത്ത് വന്നതോടെയാണ് അന്വേഷണം ആ നിലയിലേക്ക് മാറ്റിയത്.

ഇന്ന് കാട്ടാനയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതോടെ പ്രതികളെയും വനം വകുപ്പ് കണ്ടെത്തി. റിസോര്‍ട്ട് ജീവനക്കാരായ പ്രശാന്ത്,റെയ്മണ്ട് ഡീന്‍ എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് വേണ്ടിയും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാട്ടാനയെ ആക്രമിച്ചതില്‍ പ്രദേശവാസികളായ കൂടുതല്‍ പേരുണ്ടെന്നാണ് വനം വകുപ്പ് നിഗമനം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 21 ആനകളാണ് നീലഗിരി-കോയമ്പത്തൂര്‍ ജില്ലകളിലായി കൊല്ലപ്പെടുകയോ ചെരിയുകയോ ചെയ്തത്.

You might also like

-