മദ്യനയ അഴിമതിക്കേസിൽ ആരോപിതരായ പാർട്ടിക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല?ചോദ്യങ്ങളുമായി സുപ്രിം കോടതി

അഴിമതിയിൽ എഎപിക്ക് സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടോ? കണ്ടെത്തലുകൾ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയാണ്, അഴിമതിയുടെ ഗുണഭോക്താവ് അതേ രാഷ്ട്രീയപാർട്ടിയാണ് എന്നിട്ടും പിഎംഎൽഎ നിയമപ്രകാരം എന്ത് കൊണ്ട് എഎപിയെ പ്രതിചേർത്തില്ലെന്നും സുപ്രീംകോടതി ചോദിച്ചു

0

ഡൽഹി | ഡൽഹി മദ്യനയ അഴിമതിക്കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. അഴിമതിയിൽ ആരോപിതരായ പാർട്ടിക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല?  അഴിമതിയിൽ എഎപിക്ക് സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടോ? കണ്ടെത്തലുകൾ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയാണ്, അഴിമതിയുടെ ഗുണഭോക്താവ് അതേ രാഷ്ട്രീയപാർട്ടിയാണ് എന്നിട്ടും പിഎംഎൽഎ നിയമപ്രകാരം എന്ത് കൊണ്ട് എഎപിയെ പ്രതിചേർത്തില്ലെന്നും സുപ്രീംകോടതി ചോദിച്ചു. കോടതിയുടെ  ചോദ്യങ്ങൾക്ക് നാളെ മറുപടി നൽകാമെന്ന് അഡീഷണൽ സോളിസ്റ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു.

ആം ആദ്മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്ത് സിസോദിയ സമർപ്പിച്ച രണ്ട് ഹർജികളാണ് സുപ്രീംകോടതി പരി​ഗണിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് എൻ വി ഭട്ടി എന്നിവരാണ് ഹർജികൾ പരി​ഗണിച്ചത്.ആരോപിതരായ പാർട്ടി ഇപ്പോഴും കേസിൽ പ്രതിയല്ല. ഇതിന് നിങ്ങൾ എങ്ങനെ ഉത്തരം തരും?. അദ്ദേഹമല്ല ​ഗുണഭോക്താവ് രാഷ്ട്രീയ പാർട്ടിയാണ് ​ഗുണഭോക്താവെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന എസ് വി രാജുവിനോട് പറഞ്ഞു.

വിവാദ മദ്യനയക്കേസില്‍ ഫെബ്രുവരി 26 ന് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് ഒന്‍പതിനാണ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2021 നവംബറിലാണ് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മദ്യനയം നടപ്പിലാക്കിയത്. ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ മദ്യനയം പിന്‍വലിച്ചിരുന്നു. കേസിൽ ഇ ഡി മനീഷ് സിസോദിയയുടേയും അദ്ദേഹത്തിന്റെ ഭാര്യ സീമ സിസോദിയ, കേസിലെ കൂട്ടുപ്രതികളായ അമന്‍ദീപ് സിങ്, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര തുടങ്ങിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.മനീഷ് സിസോദിയക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇ ഡിയുടെ അന്വേഷണം. ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയുടെ പരാതിയിൽ കേന്ദ്ര സർക്കാർ ശുപാർശയെ തുടർന്നാണ് സിബിഐ അഴിമതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

You might also like

-