വെസ്റ്റ് നൈൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറു വയസുകാരൻ മരിച്ചു.
കുട്ടിയുടെ ബന്ധുവീട്ടിലും അടക്കം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ ക്യൂലക്സ് വിഭാഗത്തിലെ കൊതുകുകളുടെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു
മലപ്പുറം : വെസ്റ്റ് നൈൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറു വയസുകാരൻ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചത്. പനിയും തലവേദനയും ശരീരവേദനയുമായാണ് കുട്ടി ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
പിന്നീട് വെസ്റ്റ്നൈൽ രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. ഈ വീട്ടിലും കുട്ടിയുടെ ബന്ധുവീട്ടിലും അടക്കം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ ക്യൂലക്സ് വിഭാഗത്തിലെ കൊതുകുകളുടെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു. പക്ഷികളില്‍ നിന്ന് കൊതുക് വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ പനി പകരില്ല.വെന്റിലേറ്ററിൽ കഴിയുകയായിരുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തിപ്പെട്ടു വരുന്നവെന്നാണ് അറിഞ്ഞിരുന്നതെങ്കിലും ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്
വെസ്റ്റ് നൈൽ വൈറസാണ് രോഗമുണ്ടാക്കുന്നത്. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.
അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. 20%ത്തോളം പേർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം.
വെസ്റ്റ് നൈൽ പനിക്ക് പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ ഇല്ല .. പനിക്കും മറ്റു ലക്ഷണങ്ങൾക്കുമുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. വൈറസ് പകരാതിരിക്കാൻ ശ്രദ്ധിക്കുക. കൊതുകുള്ള സ്ഥലങ്ങളിൽ അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക