പശ്ചിമ ബംഗാളില്‍ അധ്യാപികയ്ക്കും സഹോദരിയെയും കാലില്‍ കയര്‍ കെട്ടി ആക്രമണം
പശ്ചിമ ബംഗാളില്‍ അധ്യാപികയ്ക്കും സഹോദരിക്കും നേരെ ആക്രമണം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം സ്കൂള്‍ അധ്യാപികയെ കാലില്‍ കയര്‍ കെട്ടി റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അധ്യാപികയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിക്ക് നേരെയും ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.തൃണമൂല്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്തു തല നേതാവ് അമല്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. തങ്ങളുടെ ഭൂമി, റോഡ് നിര്‍മ്മിക്കാന്‍ തൃണമൂൽ ഭരിക്കുന്ന പഞ്ചായത്ത് പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് അധ്യാപിക പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂൽ ജില്ലാ മേധാവി അർപിത ഘോഷ്, അമൽ സർക്കാറിനെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചു. പരാതി നല്‍കിയിട്ടും കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്മൃതിക്കോണ ദാസ് എന്ന സ്ത്രീക്ക് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഒരാൾ സ്മൃതിക്കോണയുടെ കാൽമുട്ടിന് ചുറ്റും കയർ ബന്ധിക്കുന്നതും മറ്റൊരു സംഘം ഇവരെ മൺപാതയിലൂടെ വലിച്ചിഴക്കുന്നതുമാണ് ദൃശ്യങ്ങളില്‍. സംഭവസ്ഥലത്തുണ്ടായിരുന്ന സഹോദരി സോമാ ദാസ് ഇവരെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ക്ക് നേരെയും ആക്രമണമുണ്ടായത്.
ആദ്യം ഇവരുടെ വീടിന് മുന്നിലൂടെ 12 അടി വീതിയില്‍ റോഡ് നിര്‍മ്മിക്കാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. അതിനുള്ള ഭൂമി വിട്ടുനല്‍കാന്‍ ഇവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് 12 അല്ല 24 അടി വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നതെന്ന് പഞ്ചായത്ത് അറിയിച്ചു. ഇതോടെ കൂടുതല്‍ ഭൂമി നഷ്ടപ്പെടുമെന്ന് മാത്രമല്ല, വീടിനും സുരക്ഷയില്ലാതാകുമെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ എതിര്‍ത്തതോടെയാണ് പഞ്ചായത്ത് നേതാവും സംഘവും ഭീഷണിയും പിന്നാലെ ആക്രമണവും നടത്തിയതെന്ന് സ്മൃതിക്കോണ പറഞ്ഞു.