പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്നിടത്ത് റെഡ് അലേര്‍ട്ട്
കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നിലവിലുള്ളത്. കൂടുതല്‍ ജില്ലകള്‍ ഓറഞ്ച് അലേര്‍ട്ട് പരിധിയിലേക്ക് വന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് തുടരും. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നിലവിലുള്ളത്. കൂടുതല്‍ ജില്ലകള്‍ ഓറഞ്ച് അലേര്‍ട്ട് പരിധിയിലേക്ക് വന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്.
ബുധനാഴ്ച വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നു മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പ് നല്‍കി. ഈ തീരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം കാസര്‍കോട്, കണ്ണൂര്‍ തീരങ്ങള്‍ക്ക് നാളെ വരെ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷകാറ്റ് ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനഫമായാണ് മഴ വീണ്ടും കനക്കുന്നത്.