ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 24 മണിക്കൂറില്‍ മഴ ശക്തിപ്പെടും
സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി തുടരുന്നതിനെത്തുടര്‍ന്ന് അണക്കെട്ടുകള്‍ തുറന്നു
ഡൽഹി :ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തില്‍ മഴ ശക്തമാകും. 24 മണിക്കൂറില്‍ മഴ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി തുടരുന്നതിനെത്തുടര്‍ന്ന് അണക്കെട്ടുകള്‍ തുറന്നു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതില്‍ ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. മലങ്കര അണക്കെട്ടിലെ ആറ് ഷട്ടറുകളും തുറന്നിട്ടുണ്ട്. മുതിരപ്പുഴയാര്‍, പെരിയാര്‍ നദീതീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.ഇടുക്കിയിൽ ആഗസ്റ്റ് 9 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കല്ലാര്‍കുട്ടി, പാം ബ്ല ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാലും മുന്‍കരുതല്‍ എന്ന നിലയില്‍ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ അഞ്ച് ഷട്ടര്‍ ഘട്ടം ഘട്ടമായി ഇന്ന് (4.08.2020) രാവിലെ 9 മുതല്‍ കല്ലാർകുട്ടി 80 ഉം പാംബ്ല120 ഉം സെൻ്റീമീറ്റർ ഉയർത്തി കല്ലാർകുട്ടിയിൽ നിന്ന് 400 ക്യുമെക്സും പാംബ്ലയിൽ നിന്ന് 900 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടും. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു
അട്ടപ്പാടി ഭവാനിപ്പുഴയില്‍ ജലനിരപ്പുയര്‍ന്ന് താവളം പാലത്തില്‍ വെള്ളം കയറി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ അരുവിക്കര, പേപ്പാറ ഡാമുകളും തുറന്നു. മഴ ശക്തമായതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഒരു ഷട്ടര്‍കൂടി ഉയര്‍ത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.