“സ്പേഡെക്സ് “ഇരട്ട ഉപഗ്രഹങ്ങളുടെ സമാഗമത്തിന് ഇനിയും കാത്തിരിക്കണം

രണ്ട് വട്ടം സാങ്കേതിക പ്രശ്നങ്ങൾ കാരണം തീയതി മാറ്റയതിനാൽ ഇത്തവണ തത്സമയ സംപ്രേക്ഷണം അടക്കം ഒഴിവാക്കിയായിരുന്നു ശ്രമം. ഇന്നും ഡോക്കിംഗ് നടന്നില്ലെങ്കിലും ഉപഗ്രഹങ്ങൾ സുരക്ഷിതവും പൂർണമായും ഇസ്രൊയുടെ നിയന്ത്രണത്തിലുമാണ്

ബെംഗളൂരു| രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് (സ്പേഡെക്‌സ്) പരീക്ഷണം മൂന്നാംവട്ടവും മാറ്റിവച്ചു. ഉപഗ്രഹങ്ങളുടെ ഡോക്കിംഗിനായി ഇന്നും നാളെയും ഇനി ശ്രമം ഇസ്രൊ നടത്തില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷം ദൗത്യവുമായി മുന്നോട്ട് പോകുമെന്നാണ് ഐഎസ്ആർഒയുടെ ഏറ്റവും പുതിയ അറിയിപ്പ്.സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സമാഗമത്തിനായി ഇനിയും കുറച്ച് ദിവസം കൂടി കാത്തിരിക്കണം. ഇന്ന് രാവിലെ ആറരയ്ക്കും ഏഴ് മണിക്കുമിടയിൽ ഇസ്രൊ ഡോക്കിംഗ് നടപ്പാക്കാൻ ശ്രമിച്ചിരുന്നു. പരസ്പരം 3 മീറ്റർ അടുത്ത് വരെ ഉപഗ്രഹങ്ങളെ എത്തിക്കുകയും ചെയ്തു. എന്നാൽ ഡോക്കിംഗിലേക്ക് കടക്കാനായില്ല. ശ്രമം തൽക്കാലം ഉപേക്ഷിച്ച ഐഎസ്ആർഒ ഉപഗ്രഹങ്ങളെ സുരക്ഷിത അകലത്തിലേക്ക് മാറ്റി. ഇതൊരു ട്രയൽ ആയിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. പതിനഞ്ച് മീറ്റർ അടുത്ത് വരെ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷം ഉപഗ്രഹങ്ങൾ പരസ്പരം ചിത്രമെടുക്കുക വരെ ചെയ്തിരുന്നു.

ഇത് മൂന്നാം തവണയാണ് സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇസ്രൊ മാറ്റിവയ്ക്കുന്നത്. രണ്ട് വട്ടം സാങ്കേതിക പ്രശ്നങ്ങൾ കാരണം തീയതി മാറ്റയതിനാൽ ഇത്തവണ തത്സമയ സംപ്രേക്ഷണം അടക്കം ഒഴിവാക്കിയായിരുന്നു ശ്രമം. ഇന്നും ഡോക്കിംഗ് നടന്നില്ലെങ്കിലും ഉപഗ്രഹങ്ങൾ സുരക്ഷിതവും പൂർണമായും ഇസ്രൊയുടെ നിയന്ത്രണത്തിലുമാണ്. നിലവിൽ ഒരു കിലോമീറ്ററിൽ താഴെ അകലത്തിൽ ഉപഗ്രഹങ്ങളെ നിലനിർത്താനാണ് തീരുമാനം. വിവരങ്ങൾ വിശദമായി പഠിച്ച ശേഷമേ ഇനിയൊരു ഡോക്കിംഗ് ശ്രമം നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.വൈകിയാലും ദൗത്യം കൃത്യമായി നടപ്പാക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. നിലവിൽ റഷ്യക്കും അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രമാണ് സ്വന്തമായി സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനായിട്ടുള്ളത്. സ്പേഡെക്സ് വിജയിച്ചാൽ ഇന്ത്യ ഈ രംഗത്തെ നാലാമത്തെ രാജ്യമാകും.

You might also like

-