ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രവാചകരാകാൻ ശ്രമിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ
ഈ വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമാണ്. ഈ സ്നേഹത്തിന്റെ സന്ദേശം എല്ലാവരിലും അറിയപ്പെടാനാണ് ദൈവം ആഗ്രഹിക്കുന്നത്
ഇടുക്കി | ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രവാചകരാകാൻ ഏവരും ശ്രമിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. പെസഹാ തിരുനാളിന്റെ തിരുകർമ്മങ്ങൾക്ക് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ കാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലും കുടുംബത്തിലുമെല്ലാം ഐക്യവും സ്നേഹവും കളിയാടാൻ എല്ലാവരും പരിശ്രമിക്കണം. വിശുദ്ധ കുർബാന ക്രിസ്തുവിന്റെ സ്നേഹത്തിന്റെ അടയാളമാണ്. ഈ വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമാണ്. ഈ സ്നേഹത്തിന്റെ സന്ദേശം എല്ലാവരിലും അറിയപ്പെടാനാണ് ദൈവം ആഗ്രഹിക്കുന്നത്. സമൂഹത്തിൽ നടമാടുന്ന തിന്മയുടെയും അനൈക്യത്തിന്റെയും സ്നേഹരാഹിത്യത്തിന്റെയും വാർത്തകൾ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. ഇതിൽനിന്നും സമൂഹത്തെ രക്ഷിക്കാനുള്ള മാർഗം എല്ലാവരും സ്നേഹത്തിന്റെ ദൂതുമായി ജീവിക്കുക എന്നത് മാത്രമാണ്. ഒരു സ്നേഹ സംസ്കാരം പടുത്തുയർത്താൻ പരിശ്രമിക്കേണ്ടതും ഐക്യത്തിന്റെ സാഹചര്യങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു.
രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ. മാത്യു അഴകനാക്കുന്നേൽ,ഫാ. ജോസഫ് കണ്ടത്തിൽ, ഫാ. അമൽ മണിമലക്കുന്നേൽ എന്നിവർ സഹകാർമികരായിരുന്നു