വയനാട് കാരക്കണ്ടി സ്‌ഫോടനം: രണ്ടു കുട്ടികൾ മരിച്ചു 

പരുക്കേറ്റ കാരക്കണ്ടി സ്വദേശികളായ മുരളി(16), അജ്മൽ(14) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രണ്ടുപേരും. ഇവരുടെ കൂടെയുണ്ടായിരുന്ന കാരക്കണ്ടി ചപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ്(14) ചികിത്സയിലാണ്

0

സുൽത്താൻബത്തേരി:വയനാട് സുൽത്താൻബത്തേരിയിൽ സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ മരിച്ചു. സുൽത്താൻ ബത്തേരി കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീടിനോടു ചേർന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ പരുക്കേറ്റ കാരക്കണ്ടി സ്വദേശികളായ മുരളി(16), അജ്മൽ(14) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രണ്ടുപേരും. ഇവരുടെ കൂടെയുണ്ടായിരുന്ന കാരക്കണ്ടി ചപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ്(14) ചികിത്സയിലാണ്. കോട്ടക്കുന്ന് മുരുകന്റെ മകൻ മുരളി പ്ലസ് വൺ വിദ്യാർത്ഥിയാണ്. അജ്മൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. രണ്ടു ദിവസം മുൻപ് ആളൊഴിഞ്ഞ ഷെഡ്ഡിൽ ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്കും ശരീരമാസകലം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. അപകടത്തിന് ഇടയാക്കിയത് വെടിമരുന്നാണെന്നാണ് നിഗമനം. വെടിമരുന്ന് തന്നെയാകാനാണ് സാധ്യതയെന്നും ബത്തേരി ഡിവൈ.എസ്.പി. വി.വി. ബെന്നി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി സ്ഥലത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന സംഭവത്തില്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും പ്രതിചേര്‍ക്കാനായിട്ടില്ല.

മൂന്നുവര്‍ഷത്തോളമായി ഉപയോഗിക്കാതെ കാടുമൂടിക്കിടന്ന കെട്ടിടത്തില്‍ എവിടെ നിന്നാണ് വെടിമരുന്ന് എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. വിദേശത്തുള്ള മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടങ്ങളും ബത്തേരി ടൗണില്‍ പടക്കശാല നടത്തിയിരുന്നവര്‍ മുമ്പ് വാടകയ്ക്ക് ഉപയോഗിച്ചിരുന്നതാണെങ്കിലും രണ്ടുവര്‍ഷംമുമ്പ് അവര്‍ ഒഴിഞ്ഞുപോയിരുന്നു.

 

You might also like

-