യുദ്ധം ഒഴിവാകുന്നു ! യുക്രൈൻ അതിർത്തിയിൽ നിന്നും സൈനികരെ പിൻവലിച്ചു റഷ്യ
അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു.
മോസ്കൊ | യുക്രൈനിൽ നിന്ന് കൂടുതൽ സൈനികരെ പിൻവലിച്ചെന്ന് റഷ്യ. യുക്രൈൻ അതിർത്തിയിൽ നിന്ന് കൂടുതൽ സൈനികരെ പിൻവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. ക്രീമിയയിൽ നിന്നുള്ള സൈനികർ പിന്മാറുന്ന ദൃശ്യങ്ങളാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. ക്രീമിയയിലെ സൈനിക അഭ്യാസം അവസാനിപ്പിച്ചെന്നും റഷ്യ അറിയിച്ചു. യുക്രൈൻ അതിർത്തിയിൽ നിന്ന് ഒരു വിഭാഗം റഷ്യൻ സേനകളെ പിൻവലിക്കാൻ പദ്ധതിയിട്ടതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് നേരത്തെ പറഞ്ഞിരുന്നു. റഷ്യയ്ക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ രാജ്യത്തെ വിവിധയിടങ്ങളിൽ സൈന്യത്തെ വിന്യസിക്കുന്നത് തുടരും. സൈന്യത്തിന്റെ അഭ്യാസ പ്രകടനങ്ങൾ കഴിഞ്ഞു. അതുകൊണ്ട് തന്നെ അവർ ക്യാമ്പുകളിലേക്ക് മടങ്ങുകയാണ്. ഇത് നേരത്തെ ഞങ്ങൾ പറഞ്ഞിരുന്നു. ഇവിടെ പുതുതായി ഒന്നും നടക്കുന്നില്ലെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യയുടെ അധിനിവേശം തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീവ്ര നയതന്ത്ര ശ്രമങ്ങൾക്കിടയിലാണ് റഷ്യയുടെ പുതിയ നീക്കം. എന്നാൽ യുക്രൈൻ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന ആരോപണങ്ങൾ വീണ്ടും നിരസിക്കുകയാണ് റഷ്യ.
അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു. വ്ളാഡിമര്‍ പുടിന്റെ അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് ബൈഡന്‍ പ്രതികരിച്ചത്. റഷ്യ സൈന്യത്തെ പിന്‍വലിച്ചു എന്ന വാദത്തിന് തനിക്ക് ഇപ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധമുണ്ടായാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ദുരിതം അനുഭവിക്കുമെന്ന് ബൈഡന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ചെയ്തു. റഷ്യയുടെ ഏത് വിധത്തിലുള്ള നീക്കത്തേയും പ്രതിരോധിക്കാന്‍ അമേരിക്ക തയാറെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
ഇത് വെറും അപവാദ പ്രചരണം മാത്രമാണ്. സംഘർഷം വർധിപ്പിക്കുന്നതിന് പകരം റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ സുരക്ഷാ ആശങ്കകൾ ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നും ഇതാണ് പ്രസിഡന്റ് പുടിൻ നിർദേശിക്കുന്നതും ആഗ്രഹിക്കുന്നതെന്നും ദിമിത്രി പെസ്‌കോവ് കൂട്ടിച്ചേർത്തു. യുക്രൈൻ തലസ്ഥാനമായ കീവില്‍ നിന്ന് യുഎസും കാനഡയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ എംബസികൾ മാറ്റാനുള്ള നീക്കത്തിനെയും പെസ്‌കോവ് വിമർശിച്ചു. യുക്രൈനിനെതിരെ വലിയ ആക്രമണം നടത്തുന്നതിന് വേണ്ട എല്ലാ സൈനിക സന്നാഹങ്ങളും റഷ്യയ്ക്കുണ്ടെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പറഞ്ഞിരുന്നു.മോസ്‌കോ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചതിന് ശേഷം യുക്രൈനിനെതിരെ വലിയ ആക്രമണം നടത്താൻ റഷ്യയ്ക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. യുക്രൈനിൽ റഷ്യയുടെ അധിനിവേഷത്തിന് സാധ്യതയുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവർ സുസജ്ജമാണെന്നായിരുന്നു ഫ്രാൻസ് വിദേശകാര്യ മന്ത്രിയുടെ മറുപടി.
സൈന്യത്തെ പിന്‍വലിച്ചതായി റഷ്യ പറഞ്ഞെങ്കിലും യുദ്ധ ഭീതിയെ ഇല്ലാതാക്കുന്ന യാതൊരു ശുഭസൂചനയും യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് നാറ്റോയും അമേരിക്കയും വിലയിരുത്തുന്നത്. സൈന്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും മിസൈല്‍ വിന്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനും യുഎസുമായും നാറ്റോയുമായും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വളാഡിമര്‍ പുടിന്‍ അറിയിച്ചിരുന്നു.ഇതിനിടെ റഷ്യ-യുക്രൈന്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. അനിവാര്യമാണെങ്കില്‍ വ്യോമസേനയുടെ സഹായം തേടാനും ആലോചനയുണ്ട്. ഇന്ത്യക്കാരുടെ എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ കീവിലെ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.