കൃഷി ഓഫീസുകൾ കർഷക സൗഹൃദമാകണമെന്നും അഴിമതി വിമുക്തമാകണമെന്നും കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ

കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും അത് നേരിട്ട് കണ്ട് മനസ്സിലാക്കി സാന്ത്വനിപ്പിക്കാനും ഉദ്യോഗസ്ഥർക്കാകണം. ഇതിനു വിരുദ്ധമായി അഴിമതി കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

0

സംസ്ഥാനത്തെ കൃഷി ഓഫീസുകൾ കർഷക സൗഹൃദമാകണമെന്നും അഴിമതി വിമുക്തമാകണമെന്നും കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ. നിശാഗന്ധി ഓഡിറ്റോറിയത്തിൽ കൃഷിവകുപ്പിലെ മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും അത് നേരിട്ട് കണ്ട് മനസ്സിലാക്കി സാന്ത്വനിപ്പിക്കാനും ഉദ്യോഗസ്ഥർക്കാകണം. ഇതിനു വിരുദ്ധമായി അഴിമതി കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കർഷകർക്ക് ലഭ്യമാകുന്ന സേവനങ്ങൾ ഏതൊക്കയാണെന്ന് കൃഷിഭവനുകളിൽ പ്രദർശിപ്പിക്കണം. വകുപ്പിൽ കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും സമയബന്ധിതമായി പൂർത്തിയാക്കണം. അനാവശ്യമായി ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി ഓഫീസ് സംവിധാനങ്ങൾ കുറ്റമറ്റതാക്കണം. വീഡിയോകോൺഫറൻസിംഗ് സംവിധാനമുൾപ്പെടെ നടപ്പാക്കി സംസ്ഥാനത്തെ കൃഷിഭവനുകളെല്ലാം സ്മാർട് കൃഷിഭവനുകളാക്കി മാറ്റും. അടുത്ത വർഷം മാർച്ചിനുള്ളിൽ കൃഷിവകുപ്പ് പൂർണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്നും മന്ത്രി പറഞ്ഞു. ഉത്പാദന ചെലവ് കുറച്ച് കാർഷികോത്പാദനം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എള്ള്, മില്ലറ്റ് തുടങ്ങി നഷ്ടമായ നിരവധി വിളകൃഷികളെ തിരികെ കൊണ്ട് വന്ന് ഭക്ഷ്യസംസ്‌കാരത്തിൽ തന്നെ മാറ്റമുണ്ടക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. കാലാവസ്ഥയ്ക്കനുയോജ്യമായ ഭക്ഷ്യവസ്തുക്കൾ നമ്മുടെ കൃഷിയിടങ്ങളിൽ ഉത്പാദിപ്പിക്കണം. ഓഡിറ്റ് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക്് നിർദേശം നൽകി. അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ. രത്തൻ യു.ഖേൽക്കർ, ജ്യോതി വി. ആർ., ലത. എസ് എന്നിവർ സംബന്ധിച്ചു

You might also like

-