ആവേശം ഉയർത്തി വി.എസ്; പ്രചാരണവേദിയിൽ താരമായി
ഉലകം ചുറ്റും വാലിബന് കർഷകരുടെ ആത്മഹത്യ കാണാൻ കഴിയുന്നില്ലെന്നും ബിജെപിയുടെ വാക്കും പഴയചാക്കും ഒരുപോലെയാണെന്നുമായിരുന്നു വിമർശനം
കൊല്ലം : ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ഇപ്പോഴും താരം വി.എസ്. അച്യുതാനന്ദൻ തന്നെ. പ്രചാരണ പരിപാടിയുടെ ഇടയിലും പ്രവർത്തകരുടെ ആവേശത്തിന് ഒപ്പം നിൽക്കുകയാണ് വിഎസ്. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലിൽ നടന്ന എൽഡിഎഫ് സ്ഥാനാർഥി കെ.എൻ.ബാലഗോപാലിന്റെ പ്രചാരണ പരിപാടിയിൽ വി എസ്സിന്റെ സാന്നിധ്യം പ്രവർത്തകർ ആഘോഷമാക്കി വിഎസിന്റെ വാഹനം കടയ്ക്കലിലിലെ പ്രചരണ വേദിയിലേക്ക് എത്തുമ്പോൾ തന്നെ പ്രവർത്തകർ വളഞ്ഞിരുന്നു. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് അദ്ദേഹം ഉദ്ഘാടന വേദിയിലെത്തിയത്.
കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കൊണ്ടുള്ള പതിവ് ശൈലി പ്രസംഗത്തിൽ നരേന്ദ്രമോദിക്കെതിരെ കടുത്ത വിമർശനങ്ങളാണ് വിഎസ് ഉന്നയിച്ചത്. ഉലകം ചുറ്റും വാലിബന് കർഷകരുടെ ആത്മഹത്യ കാണാൻ കഴിയുന്നില്ലെന്നും ബിജെപിയുടെ വാക്കും പഴയചാക്കും ഒരുപോലെയാണെന്നുമായിരുന്നു വിമർശനം. പത്ത് മിനിറ്റോളം നീണ്ട പ്രസംഗം കെ.എന്‍.ബാലഗോപാലന് വോട്ട് അഭ്യർഥിച്ചു കൊണ്ടാണ് വിഎസ് അവസാനിപ്പിച്ചത്.
ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വിഎസിന്റെ ആദ്യ പൊതുയോഗം ആയിരുന്നു കടയ്ക്കലിലേത്. കൊല്ലം ജില്ലയിൽ വി.എസ് പങ്കെടുക്കുന്ന ഏക തെരഞ്ഞെടുപ്പ് പൊതുയോഗവും ഇത് തന്നെയാണ്. സിപിഎം വിഭാഗീയതയുടെ കാലത്ത് വിഎസ് പക്ഷത്ത് ഉറച്ചു നിന്ന മേഖലയാണ് കടയ്ക്കൽ അതുകൊണ്ട് തന്നെയാണ് ഇവിടെ പ്രചാരണത്തിനായി വിഎസിനെ തന്നെ എൽഡിഎഫ് രംഗത്തിറക്കിയതും