വിപ്ലവ സൂര്യൻ 101 ,വി എസ് ഇന്ന് പിറന്നാൾ

പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി.എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വാളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്.

തിരുവനന്തപുരം| രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്ന്ന സി പി ഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്ന് വയസ് പൂർത്തിയായി. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം ആവേശത്തോടെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ് മലയാളികൾ. ഇടതു സർക്കാർ ഭരണത്തുടര്‍ച്ചയിൽ വിവാദങ്ങളിൽ ഉൾപ്പെട്ടു ജീര്‍ണതകള്‍ പല രൂപത്തില്‍ പാര്‍ട്ടിയെ ഉലക്കുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ സജീവമായി നിന്ന രാഷ്ട്രീയ ദിനങ്ങൾ വിപ്ലവ സൂര്യനായി സഖാക്കളുടെ മനസ്സിൽ വി എസ് കത്തിയിറങ്ങുകയാണ് .അടിച്ചമർത്തലുകൾ ഉണ്ടാകുമ്പോൾ കേരള രാഷ്ട്രീയത്തില്‍ പ്രതിരോധത്തിന്‍റെ മറുപേരാണ് സഖാവ് വിഎസ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ചു സ്വന്തം ജീവിതത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ പണിപ്പെട്ട നേതാവാണ് വി എസ് . കുട്ടിക്കാലം മുതല്‍ തന്നെ അതികഠിനമായ ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്തത് കൊണ്ടാകണം, ഒന്നിനോടും അയാള്‍ സമരസപ്പെട്ടില്ല. അഴിമതിക്കെതിരെ അദ്ദേഹം സധൈര്യം പോരാടി. അസമത്വങ്ങള്‍ക്കെതിരെ മല്ലടിച്ചു. എണ്ണമറ്റ തൊഴിലാളി സമരങ്ങളിലൂടെയും ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിലൂടെയുമെല്ലാം അദ്ദേഹം കേരളജനതയുടെ മനസിലിടം നേടി.
ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി.എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി. എസ്. പാർട്ടി നിർദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം കെ.വി. പത്രോസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു.

പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി.എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വാളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ. അടക്കം നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സി.പിയുടെ ഉറക്കം കെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽ നിന്ന് വി. എസ് അറസ്റ്റിലായത്. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി.

1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി.തുടർന്നു 2008 ൽ നടന്ന പാർടി കോൺഗ്രസ്സിൽ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ അദ്ദേഹം ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.

അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കായിരുന്നു. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു.

1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ.

1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഇക്കഴിഞ്ഞ 2016-ലെ തിരഞ്ഞെടുപ്പിലടക്കം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു.

രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അച്യുതാനന്ദൻ സംസ്ഥാന മന്ത്രിയായിട്ടില്ല. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയാ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. അതിന് മാറ്റം വന്നത് 2006-ലാണ്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദൻ 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു.

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷൻ മൂന്നാർ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിർവഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. വിവാദം സൃഷ്ടിച്ച സ്മാർട്ട് സിറ്റി കരാർ പരിഷ്കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞു പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാൻ നടത്തിയ പോരാട്ടങ്ങൾ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു

You might also like

-