കനത്ത ജാഗ്രതയോടെ വോട്ടിംഗ് “സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി
കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് വോട്ടിംഗ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടര്‍മാര്‍ നില്‍ക്കേണ്ടത്
ഇടുക്കി :സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ട് രേഖപ്പെടുത്തുന്നതിനായി രാവിലെ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് വോട്ടിംഗ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടര്‍മാര്‍ നില്‍ക്കേണ്ടത്
മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ മണിക്കൂറുകളില്‍. ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണ പ്രതിപക്ഷത്തെ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. മൂന്ന് മുന്നണികളും വന്‍ വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 88,26,620 വോട്ടർമാർ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.
ഇന്നലെ മുതല്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ ഇന്ന് ആറ് മണിക്ക് ശേഷം പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം. പോളിങ് നടക്കുന്ന 11225 ബൂത്തുകളും അണുവിമുക്തമാക്കി. പോളിങിന്റെ ചുമതലയുള്ള 56122 ഉദ്യോഗസ്ഥരും ബൂത്തുകളുടെ ചുമതല ഏറ്റെടുത്തു. 16968 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. അഞ്ച് ജില്ലകളിലെ 1722 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേകം പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.