പുഴകളില്‍ നിന്നും മണലെടുക്കുന്നതിന് അടിയന്തിരമായി അനുമതി വേണം :വി കെ സി മമ്മദ് കോയ
. മണലിന് പകരം എം സാന്റ് ഉപയോഗം വ്യാപകമാവുകയും ഇതിനായി കൂടുതല്‍ പാറ പൊട്ടിച്ചെടുക്കുകയും ചെയ്യുന്നതായി എം.എല്‍.എ കത്തില്‍ വ്യക്തമാക്കി.
കോഴിക്കോട് : സംസ്ഥാനത്തെ പുഴകളില്‍ നിന്നും മണലെടുക്കുന്നതിന് അടിയന്തിരമായി അനുമതി നല്‍കണമെന്നു വി കെ സി മമ്മദ് കോയ എം എല്‍ എ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.പുഴകളില്‍ നിന്നും മണലെടുക്കുന്നത് 3 വര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കേരളത്തിലെ മറ്റു പുഴകളിലും സമാനമായ അവസ്ഥയാണുള്ളത്. ആയിരക്കണക്കിന് മണല്‍വാരല്‍ തൊഴിലാളികള്‍ക്ക് ഇതുമൂലം ഉപജീവന മാര്‍ഗ്ഗം നഷ്ടമായിട്ടുണ്ട്. മണലിന് പകരം എം സാന്റ് ഉപയോഗം വ്യാപകമാവുകയും ഇതിനായി കൂടുതല്‍ പാറ പൊട്ടിച്ചെടുക്കുകയും ചെയ്യുന്നതായി എം.എല്‍.എ കത്തില്‍ വ്യക്തമാക്കി.
പുഴകളില്‍ ആയിരക്കണക്കിന് ലോഡ് മണല്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. നിലവിലുളള മാര്‍ഗ്ഗത്തില്‍ സാന്റ് ഓഡിറ്റ് പൂര്‍ത്തീകരിച്ച് മണല്‍ എടുക്കണമെങ്കില്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണ്ടി വരും. ആയതിനാല്‍ പ്രളയം ബാധിച്ച് മണല്‍ നിറഞ്ഞ് കിടക്കുന്ന എല്ലാ പുഴകളില്‍ നിന്നും അടിയന്തിരമായി മണല്‍ നീക്കം ചെയ്യാന്‍ താല്‍ക്കാലിക അനുമതി നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നത് ഉചിതമായിരിക്കും. മണലെടുപ്പും വിതരണവും മുന്‍കാലങ്ങളിലെന്നപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാകുന്നത് എം സാന്റിനായി ദിവസേന ഉപയോഗിക്കുന്ന നൂറ് കണക്കിന് ലോഡ് കരിങ്കല്ലിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും അതുവഴി പാറപൊട്ടിക്കുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്നും, ഇത് മണല്‍ തൊഴിലാളികളുടെ തൊഴിലില്ലായ്മ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നും എം എല്‍ എ വ്യക്തമാക്കി.