പാലാരിവട്ടം പാലം അഴിമതി, മുന്‍ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു
ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ലേക്ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് അറസറ്റ് രേഖപ്പെടുത്തിയത്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ലേക്ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് അറസറ്റ് രേഖപ്പെടുത്തിയത്. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം രാവിലെ പത്തരയോടെയായിരുന്നു വിജിലന്‍സ് നടപടി.ഇന്നലെ രാത്രിയാണ് ചികിത്സ തേടി ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ എത്തിയത്. രാവിലെ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാന്‍ വിജിലന്‍സ് സംഘം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആലുവയിലെ വീട്ടില്‍ എത്തിയിരുന്നു.അപ്പോഴാണ് ആശുപത്രിയിലാണെന്ന് അറിയുന്നത്. തുടര്‍ന്നാണ് സംഘം ആശുപത്രിയില്‍ എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഡോക്ടര്‌മാരില്‍ നിന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ ആശുപത്രിയില്‍ തുടരുന്നതാണ് അഭികാമ്യമെന്ന് ഡോക്ടര്‍മാര്‍ വിജിലന്‍സിനെ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് വിജിലന്‍സ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എത്തിയ ശേഷമായിരിക്കും മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കുക.പാലത്തിന്‍റെ പ്ലാനനുണ്ടാക്കിയവരില്‍ തുടങ്ങി മന്ത്രിവരെ നീളുന്ന എട്ടുപേരാണ് പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതികള്‍. കരാര്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കാനും, എട്ടേകാല്‍ കോടി രൂപ പലിശയില്ലാതെ മുന്‍കൂര്‍ നല്‍കാനും ഇബ്രാഹിംകുഞ്ഞ് നിര്‍ദേശിച്ചതായി ടി.ഒ.സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു.കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.
അധികാര ദുര്‍വിനിയോഗം, അഴിമതി, ചട്ടലംഘനം തുടങ്ങി മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരെ ചുമത്തിയ അഴിമതി നിരോധന നിയമത്തിലെ അതേ വകുപ്പുകള്‍ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെതിരെയും പ്രയോഗിച്ചു. അഞ്ചാം പ്രതിയാക്കി മാര്‍ച്ച് 29ന് മുവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അറസ്റ്റ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയത് എന്ന് പറയുന്നു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലത്തില്‍ വിള്ളല്‍ കണ്ടതോടെയാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. അഞ്ചാം പ്രതിയായ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ക്രമക്കേട് നടത്തിയതിന് വിജിലന്‍സിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.
പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്, കരാര്‍ കമ്പനി ആര്‍ഡിഎസ് പ്രോജക്ട് എംഡി സുമിത് ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ കേരള (ആര്‍ബിഡിസികെ) അസി. ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരും പ്രതികളാണ്.