വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം കരിയറിലെ നിർണായക പ്രഖ്യാപനം നടത്തിയത്.
ഡൽഹി ;ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം കരിയറിലെ നിർണായക പ്രഖ്യാപനം നടത്തിയത്. ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും കോഹ്‌ലി വിട്ടുനിൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മധ്യനിരയിൽ പരിചയസമ്പന്നനായൊരു താരത്തിൻ്റെ വലിയ വിടവുണ്ടാക്കിയാണ് കോഹ്‌ലി റെഡ് ബോൾ ക്രിക്കറ്റിനോട് ബൈ പറഞ്ഞിരിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് കോഹ്‌ലി വിരമിക്കാനുള്ള താൽപ്പര്യം ബിസിസിഐയെ അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിസിസിഐ സെലക്ടർമാരും സീനിയർ ക്രിക്കറ്റ് താരങ്ങളുമടക്കം തിരുത്താൻ ഇടപെട്ടിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള താൽപ്പര്യത്തിൽ വിരാട് കോഹ്‌ലി ഉറച്ചുനിൽക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പര്യടനത്തിനായി പങ്കെടുക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
തുടർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ സോഷ്യൽ മീഡിയയിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇനി കോഹ്‌ലിയുടെ ചേതോഹര ബാറ്റിങ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഏകദിന ക്രിക്കറ്റിൽ മാത്രമെ കാണാനാകൂ. പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിയിടുന്നതാണ്.
രോഹിത് ശർമ വിരമിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 36 പിന്നിട്ട വിരാടിന് ഗൗതം ഗംഭീറിൻ്റെ ടീമിൽ ഇനിയും തുടരാനാകില്ല എന്നൊരു ചിന്തയും ഉടലെടുത്തിട്ടുണ്ടാകാം. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലും ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ദയനീയ പ്രകടനമായിരുന്നു കോഹ്‌ലിയുടേത്. ഇതാകാം തിരക്കുപിടിച്ചുള്ള ഈ തീരുമാനത്തിന് പിന്നിലെന്നാണ് ക്രിക്കറ്റ് നിരൂപകർ ചൂണ്ടിക്കാട്ടുന്നത്.