അക്രമം അടൂരിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ
പന്തളം ഡിവൈഎസ്പിയുടെ പരിധിയിൽ വരുന്ന കൊടുമൺ, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
അടൂര്‍: അടൂര്‍ താലൂക്കിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ. പന്തളം ഡിവൈഎസ്പിയുടെ പരിധിയിൽ വരുന്ന കൊടുമൺ, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, ഇന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന സാഹിചര്യത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സിപിഎം ബിജെപി പ്രവര്‍ത്തകരുടെ വീടുകൾക്ക് നേരെയും കടകൾക്ക് നേരെയും പടക്കമേറും അക്രമണവും ഉണ്ടായിരുന്നു. ഈ സാഹിചര്യത്തിൽ പത്തനംതിട്ട എസ്പി നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്റ്റര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.2 ദിവസമായി തുടരുന്ന ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ 50 ൽ അധികം വീടുകൾ ആക്രമിക്കപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളും അടിച്ചു തകർക്കപ്പെട്ടു. ഇരുപക്ഷത്തെയും നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. അടൂർ ടൗണിൽ ഒരു മൊബൈൽ കടയ്ക്ക് നേരെയും സി.പി.എം ഏരിയ കമ്മിറ്റി അംഗം രവീന്ദ്രന്റെ വീടിന് നേരെയും ബോംബാക്രമണം ഉണ്ടായി. കർമ സമിതി പ്രവർത്തകന്റെ മരണത്തെ തുടർന്ന് പന്തളത്തും സംഘർഷം തുടരുകയാണ്. പത്തിൽ പരം വീടുകളും നിരവധി സ്ഥാപനങ്ങളും പാർട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടു. പൊലീസ് വിവിധ ഇടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും അംഗബലത്തിലും സംവിധാനങ്ങളിലുമുള്ള കുറവ് പ്രതിസന്ധിയായിട്ടുണ്ട്.