യുവതിയോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

വിനായകന്‍ ഫോണിലുടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.

0

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.

വിനായകന്‍ ഫോണിലുടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. ‘നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്’ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ് യുവതി ആരോപിക്കുന്നത്. ഈ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ ഫേസ്ബുക്ക് കുറപ്പില്‍ പറയുന്നു.

അതെ സമയം തന്നോട് അപമര്യാദയായി ഒരാള്‍ സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് നടന്‍ വിനായകന്‍ പ്രതികരിച്ചു. ‘എന്‍റടുത്ത് വരുന്ന എല്ലാവരോടും ഞാൻ മൂന്നുവട്ടം മര്യാദയ്ക്ക് സംസാരിക്കും. തുടർച്ചയായി പ്രകോപനം ഉണ്ടായാൽ മാത്രമേ ഞാൻ പ്രതികരിക്കൂ. എന്നെ വിളിച്ചത് ഒരു ആണാണ്. പരിപാടിയ്ക്ക് ക്ഷണിക്കാനാണ് വിളിച്ചത്. പരിപാടിക്ക് വരാൻ പറ്റില്ലെന്ന് ഞാൻ മര്യാദയ്ക്ക് പറഞ്ഞു. അത് അവനോട് എന്തെങ്കിലും പ്രശ്നമുള്ളതുകൊണ്ട് പറഞ്ഞതല്ല. ഞാൻ നേരത്തെ സെറ്റ് ചെയ്ത കാര്യമാണ് മൂന്ന് കാര്യങ്ങൾക്ക് നിന്ന് കൊടുക്കില്ല എന്നത്. എന്നെ വച്ച് ഡോക്യുമെന്‍ററി ചെയ്യുന്നതും മാധ്യമങ്ങൾക്ക് കാശുണ്ടാക്കാനുള്ള പരിപാടികൾക്കും, പിന്നെ ഇത്തരം ആക്റ്റിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടികൾക്ക് മുഖമായി വിനായകൻ നിന്ന് കൊടുക്കില്ല എന്നതും. മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിയ്ക്ക് വരുക എന്നത് എന്‍റെ ബാധ്യതയാണെന്ന മട്ടിൽ അവൻ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാൾ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാൽ അവിടെ അലമ്പുണ്ടാവില്ലേ?’; വിനായകന്‍ ഓണ്‍ലൈന്‍ മാധ്യമമായ കീ ബോര്‍ഡ് ജേര്‍ണലിനോട് പറഞ്ഞു.

‘ആദ്യം മര്യാദവിട്ട് സംസാരിച്ചത് അവനാണ്. തുടർന്നാണ് (ആരോപണം ഉന്നയിച്ച) സ്ത്രീ വിളിച്ചത്. അവരെ എനിക്കറിയില്ല. അവർ എന്നെ വിളിച്ചത് പരിപാടിയ്ക്ക് ക്ഷണിക്കാനല്ല. ഞാനും നേരത്തെ വിളിച്ച ആണും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാനാണ് അവർ വിളിച്ചത്. ബാക്കി ഞാൻ ഇപ്പോ പറയുന്നില്ല. കേസ് നടക്കുകയല്ലേ. നടക്കട്ടെ. കുറ്റം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഞാൻ മുൻകൂർ ജാമ്യം എടുത്തിട്ടില്ല. ഒരു വക്കീലിനെപ്പോലും കണ്ടിട്ടില്ല. എന്റെ പല സുഹ‌ൃത്തുക്കളും നിയമ സഹായം വാഗ്ദാനം ചെയ്ത് വിളിക്കുന്നുണ്ട്. പക്ഷേ അത് ആവശ്യമില്ലെന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്.
ഞാൻ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളൊന്നുമല്ല. ഞാൻ 25 കൊല്ലമായി സിനിമയിൽ വന്നിട്ട്. ഇതുവരെ സെറ്റിൽ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. നിങ്ങളൊന്ന് അന്വേഷിച്ച് നോക്ക്. ഇത് വിനായകനും കുറച്ച് ആളുകളും തമ്മിലുള്ള പ്രശ്നമാണെന്ന് കരുതിയോ? ഇത് രണ്ട് സിസ്റ്റങ്ങൾ തമ്മിലുള്ള പ്രശ്നമാണ്.’; വിനായകന്‍ കൂട്ടിചേര്‍ത്തു.

ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120-O എന്നീ വകുപ്പുകളാണ് കല്‍പ്പറ്റ പൊലീസ് വിനായകനെതിരെ ചുമത്തിയത്.

You might also like

-