അമ്പലപ്പുഴയില്‍ അതിക്രൂര കൊലപാതകം: പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി അറസ്റ്റിൽ
ഈ മാസം 6 മുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പ്രതി ജയചന്ദ്രൻ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമം നടത്തിയതായി പൊലീസ് അറിയിച്ചു.
ആലപ്പുഴ: യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു. പ്രതി ജയചന്ദ്രന് പൊലീസ് പിടിയില്‍. വിജയലക്ഷ്മിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്നത് ഈ മാസം 7 നാണ്. വീടിന് സമീപത്താണ് കുഴിച്ചുമൂടിയത്. ദൃശ്യം സിനിമ മോഡൽ ആണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
ഈ മാസം 6 മുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പ്രതി ജയചന്ദ്രൻ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമം നടത്തിയതായി പൊലീസ് അറിയിച്ചു. കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ ഉപേക്ഷിക്കുകയായിരുന്നു. ഫോണുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യെ ആണ് കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബന്ധുവാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തിൽ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പൊലിസ് പരിശോധന നടത്തുന്നത്. മൃതദേഹം മറവ് ചെയ്ത സ്ഥലം കണ്ടുപിടിക്കുന്നതിനാണ് പരിശോധന.
യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.