പാലാരിവട്ടം മേൽപ്പാലം അഴിമതി :മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു.

വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്.

0

കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിര്‍മ്മാണത്തിലെ അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു. വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി. സത്യസന്ധമായി മൊഴി നല്‍കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു.

പാലാരിവട്ടം മേല്‍പ്പാല നിര്‍മണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണത്തിന്റെ ഭാഗമായി മുന്‍ പൊതുമരാമത്ത് മന്ത്രിയെയും ചോദ്യംചെയ്യലിന് വിധേയമാക്കിയിരിക്കുന്നത്. വിജിലന്‍സ് നേരത്തെ തന്നെ ചോദ്യം ചെയ്യണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു.

റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും കിറ്റ്‌കോയിലെയും ആര്‍ഡിഎസ് കമ്പനിയിലെയും ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പട്ടികയാണ് ചോദ്യം ചെയ്യലിനായി തയ്യാറാക്കിയിട്ടുള്ളത്. 2014 ല്‍ പാലത്തിന്റെ നിര്‍മ്മാണ സമയത്ത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്ന എപിഎം മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും വിജിലന്‍സ് ശേഖരിക്കും.

You might also like

-