നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറികാര്‍ഡ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിധു വിന്‍സെന്‍റ്

നിയമ-നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന നിലപാടാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിഗ് കൗൺസൽ സുപ്രീം കോടതിയിൽ സ്വീകരിച്ചത്.

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് വിഷയത്തില്‍ സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിഗ് കൗൺസൽ, സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട് നിയമ-നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്ന വിമര്‍ശനവുമായാണ് സംവിധായിക വിധു വിന്‍സെന്‍റ് രംഗത്തെത്തിയത്. ലാഘവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞ അവര്‍ നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം നല്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

വിധു വിന്‍സെന്‍റിന്‍റെ കുറിപ്പ്

നിയമ-നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന നിലപാടാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിഗ് കൗൺസൽ സുപ്രീം കോടതിയിൽ സ്വീകരിച്ചത്. എന്തുകൊണ്ടാണ് ഇത്രയും ലാഘവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. ഈ രാജ്യത്തെ നിയമ സംവിധാനങ്ങളോട് വിശ്വാസം പുലർത്തുന്ന ഒരാളെന്ന നിലയിൽ എന്നെ പോലുള്ളവർക്ക് ഇത് വലിയ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഒരു സഹപ്രവർത്തകയുടെ മാത്രം കേസല്ല, നമ്മുടെ സമൂഹത്തിലുള്ള ഏതൊരു പെൺകുട്ടിക്കും സ്ത്രീക്കും അഭിമുഖികരിക്കേണ്ടി വരാവുന്ന ഒരു സാഹചര്യത്തിലേക്കാണ് ഈ ഒരവസ്ഥ വിരൽ ചൂണ്ടുന്നത്. ഇത്തരം ഒരു കേസുമായി മുന്നോട്ട് പോയാൽ ഒരിക്കലും അവസാനിക്കാത്ത നടപടിക്രമങ്ങളുമായി കാത്തിരിക്കേണ്ടി വരും എന്ന സന്ദേശമാണോ സമൂഹം ഇതിൽ നിന്നും സ്വീകരിക്കേണ്ടത്? കോടതിയിലേക്ക് ഈ കേസ് എത്തിയിട്ട് രണ്ടു വർഷത്തോളം കഴിഞ്ഞിട്ടും ഈ തെളിവിനെ കുറിച്ച് പഠിക്കാനോ മറ്റു നടപടിക്രമങ്ങൾക്കായോ വീണ്ടും സമയം ചോദിക്കുന്നത് അപ്പുറത്ത് നിൽക്കുന്ന വ്യക്തികൾക്കാണ് കൂടുതൽ സൗകര്യം ചെയ്തു കൊടുക്കുന്നത്. നമ്മുടെ നാട്ടിലെ എല്ലാ നിയമജ്ഞരും ചൂണ്ടികാട്ടിയട്ടുള്ള ഒരു വസ്തുത തന്നെയാണ് വാദം വൈകിപ്പിക്കുംതോറും എങ്ങനെയാണ് പ്രതിഭാഗത്തിന് അത് കൂടുതൽ അനുകൂല സാഹചര്യമായി മാറും എന്നുള്ളത്. അവസാനം നീതി നടപ്പിലാക്കി കിട്ടും എന്നുള്ള വിശ്വാസമാണ് നമ്മുടെ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളോടുള്ള നമ്മുടെ ആദരവിന്റെ അടിസ്ഥാനം. ആ വിശ്വാസത്തെ നിലനിർത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ ഉണ്ടായില്ലെങ്കിൽ നിയമ സംവിധാനങ്ങളോടുള്ള ആദരവു തന്നെ ഇല്ലാതായേക്കാം. സംസ്ഥാനസർക്കാർ വളരെ ഗൗരവത്തോടെ തന്നെ ഈ വിഷയത്തിൽ ഇടപെടൽ നടത്തേണ്ടതുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നുണ്ടാകുന്ന ഏതൊരു തരത്തിലുള്ള ഉദാസീനതയും, ജാഗ്രതകുറവും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയുമാണ് ഇല്ലാതാക്കുന്നത്. എന്തിനാണ് ഇത്തരത്തിൽ നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നത് എന്നതിന് ഉത്തരം നല്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണ്.

You might also like

-