അതി തീവ്ര മഴ തുടരും. മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

കൊച്ചി |സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് തുടരും.കടലാക്രമണ സാധ്യതയുള്ളതിനാൽ ഇന്ന് രാത്രി വരെ 9 ജില്ലകൾക്ക് ജാഗ്രത നിർദ്ദേശമുണ്ട്.തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന തിരമാലക്കുള്ള റെഡ് അലർട്ട് നൽകിയത്. ഈ മാസം 30 വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്,അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നീരൊഴുക്ക് വർധിക്കുന്നു… രാവിലെ 7 മണിക്ക് മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ ഒന്നര മീറ്റർ വീതം ഉയർത്തും. നിലവിൽ ഒരു മീറ്റർ ആണ് ഉയർത്തിയിട്ടുള്ളത്. കൂടുതൽ ജലം പുറത്തേക്ക് ഒഴുകാൻ സാധ്യതയുള്ളതിനാൽ മൂവാറ്റുപുഴ ,തൊടുപുഴ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണം

അതേസമയം കനത്ത മഴ കോഴിക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടത് ആറു മണിക്കൂറിലേറെയാണ്. മൂന്ന് വൻ മരങ്ങളും പത്തോളം വീടുകളുടെ മേൽക്കൂരയും ആണ് തകർന്ന് പാലത്തിൽ പതിച്ചത്. അപകടത്തെ തുടർന്ന് വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും മൂന്നും നാലും മണിക്കൂർ വൈകി ഓടുകയാണ്. രാത്രി 12. 50ന് ഷൊർണുരിൽ എത്തേണ്ട മംഗലാപുരം – തിരുവനന്തപുരം മലബാർ എക്സ്പ്രസ് എത്തിയത് പുലർച്ചെ 5.45 ഓടെയാണ്,എറണാകുളം അമ്പാട്ട് കാവിൽ മെട്രോ സ്റ്റേഷൻ സമീപം റെയിൽവേ ട്രാക്കിലേക്ക് മരം വീണ് നാല് മണിക്കൂർ സമയം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ട്രാക്കിന് സമീപത്തുള്ള ആൽമരം മറിഞ്ഞ് വീണത്. രണ്ട് ട്രാക്കിലെ ഇലക്ട്രിക്ക് ലൈനിലേക്കാണ് മരം വിണത്. റെയിൽവേയും ഫയർഫോഴ്സും നാട്ടുകാരും തടസം മാറ്റാനുള്ള ശ്രമങ്ങൾ നടത്തി. നിരവധി ട്രെയിനുകളുടെ ഷെഡ്യൂൾ പുനക്രമീകരിച്ചു.

ദേശിയപാത 85ല്‍ നേര്യമംഗലം റാണികല്ലിലും ഇരുട്ടുകാനത്തും മരം കടപുഴകി വീണ് ഗാതഗതവും വൈദ്യുതി ബന്ധവും താറുമാറായി.അഗ്നിരക്ഷാ സേന മരങ്ങള്‍ മുറിച്ച് ഗതാഗതം പുനസ്ഥാപിച്ചു.മൂന്നാര്‍ മറയൂര്‍ റോഡില്‍ എസ് വളവിന് സമീപം എട്ടാംമൈലിലും മൂന്നാര്‍ വട്ടവട റോഡില്‍ എല്ലപ്പെട്ടിയിലും മരം വീണും മണ്ണിടിഞ്ഞും യാത്രാ തടസ്സമുണ്ടായി.ശല്യാംപാറ അമ്പഴച്ചാല്‍ റോഡില്‍ മണ്ണിടിഞ്ഞ് യാത്ര തടസ്സപ്പെട്ടു.അടിമാലി രാജാക്കാട് റോഡില്‍ പൊന്‍മുടിക്ക് സമീപം മരം വീണും ആനച്ചാല്‍ ആഡിറ്റ് ഭാഗത്ത് റോഡില്‍ വൈദ്യുതി പോസ്‌റ്റൊടിഞ്ഞ് വീണും യാത്രാ തടസ്സമുണ്ടായി.കല്ലാര്‍കുട്ടി ഡാമിന് സമീപവും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.കല്ലാര്‍ മാങ്കുളം റോഡില്‍ പീച്ചാടിന് സമീപവും മരം വീണ് യാത്രാ തടസ്സമുണ്ടായി.ദേശിയപാതയില്‍ നവീകരണജോലികളുടെ ഭാഗമായി മണ്ണ്് നീക്കിയ പലഭാഗങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്.കരടിപ്പാറക്ക് സമീപം പാതയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുള്ള യാത്രക്ക് നിയന്ത്രണമുണ്ട്.വാഹനങ്ങള്‍ ഇരുട്ടുകാനം ആനച്ചാല്‍ രണ്ടാംമൈല്‍ വഴി സഞ്ചരിക്കണം.താലൂക്കിലെ ഉള്‍ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറാണ്.കല്ലാര്‍കുട്ടി അണക്കെട്ടിന്റെ തുറന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.പുഴകളിലും മറ്റണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു.മൂന്നാര്‍ ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖല പാടെ നിശ്ചലമായി.ബോട്ടിംഗ് അടക്കം ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിര്‍ത്തി.മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.മണ്ണിടിച്ചില്‍ സാധ്യത മുമ്പില്‍ കണ്ട് മൂന്നാര്‍ ഇക്ക നഗറില്‍ താമസിച്ചിരുന്ന കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്.

You might also like

-