വെഞ്ഞാറമൂട് ഇരട്ടക്കൊല 9 പേർ പിടിയിൽ ; പ്രതികൾ കോൺഗ്രസ്സുകാർ വെമ്പായത്ത് ഹര്‍ത്താല്‍
നേരത്തെ ഡിവൈ.എഫ്.ഐക്കാരനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്.ഐ.ആറില്‍ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്തിരിക്കുന്നത്
തിരുവനന്തപുരം :വെഞ്ഞാറമൂട്ടില്‍ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കി പൊലീസ്. മുഖ്യപ്രതിയായ സജീവനുള്‍പ്പെടെ 9 പേര്‍ കസ്റ്റഡിയില്‍.ഇരട്ടക്കൊലപാതകം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പൊലീസ് ഉറപ്പിച്ചു. ഡി.വൈ.എഫ്.ഐക്കാരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആസൂത്രണം. വാളും കത്തിയും ഉപയോഗിച്ച് ആറ് പേര്‍ ചേര്‍ന്ന് കൊലനടത്തി. നേരത്തെ ഡിവൈ.എഫ്.ഐക്കാരനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്.ഐ.ആറില്‍ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്തിരിക്കുന്നത്.
കൊലക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ആണെന്നാണ് പ്രഥമവിവര റിപ്പോർട്ട്. പ്രതികളായ കോണ്‍ഗ്രസ് പ്രവർത്തകർ ആയുധവുമായി എത്തി മുഹമ്മദ് ഹക്ക്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചുവെന്നാണ് കണ്ടെത്തൽ. ആറംഗ സംഘത്തിലെ മറ്റ് നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം ഒന്നാം പ്രതിയായ സജീവ് ഉള്‍പ്പെടെ 9 പേര്‍ ഇതിനകം കസ്റ്റഡിയിലുണ്ട്. ഇതില്‍ സജീവ്, സനല്‍, അജിത്ത്, എന്നിവര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അങ്ങിനെയെങ്കില്‍ ഇനി മൂന്ന് മുഖ്യപ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. രക്ഷപെടാന്‍ സഹായിച്ചവരടക്കമുള്ളവരെ ചോദ്യം ചെയ്ത ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
ആക്രമണത്തിൽ സാക്ഷി തിരിച്ചറിഞ്ഞ അൻസർ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി,ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അൻസറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്.ഫോട്ടോയിലൂടെ അൻസറിനെ ഷഹീൻ തിരിച്ചറിയുകയും ചെയ്തു. എന്നാൽ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത സജീവും സനലും ഇത് നിഷേധിക്കുകയാണ്. അൻസർ ഒപ്പമുണ്ടായിരുന്നില്ലെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയതായാണ് വിവരം.ഇതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അതേസമയം പിടിയിലായ സനലിന്‍റെ സഹോദരനും ഐഎൻടിയുസി പ്രവർത്തകനുമായ ഉണ്ണി അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രതികൾ മൊഴി നൽകി.
അതേസമയം വെഞ്ഞാറമൂട്, വെമ്പായം, കന്യാകുളങ്ങര, പേട്ട തുടങ്ങി വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. വിവിധയിടങ്ങളില്‍ അടിച്ചും എറിഞ്ഞും തകര്‍ത്തപ്പോള്‍ വെഞ്ഞാറമൂട് തീവയ്ക്കുകയായിരുന്നു. കെ.പി.സി.സി അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ രമണി പി നായരുടെ വീടിന് നേരെയും ആക്രമണമുണ്ടായി. അതേസമയം ഇന്നലെ വൈകിട്ട് ജില്ലയിലെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വെമ്പായം പഞ്ചായത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും