അടൂര്‍ പ്രകാശ് കുലംകുത്തിയെന്നു വെള്ളാപ്പിള്ളി. അരൂരിൽ ഷാനിമോൾക്കു ജയ സാധ്യതയില്ല.

സ്വന്തം കാര്യം വരുമ്പോള്‍ അടൂര്‍പ്രകാശ് മതേതരത്വം പറയാറില്ല.മറ്റുള്ളവരുടെ കാര്യത്തില്‍ മതേതരത്വം പറയുന്ന അടൂർ പ്രകാശിന് ഇരട്ട മുഖങ്ങളാണെന്നും വെള്ളാപ്പിള്ളി.

0

ആലപ്പുഴ: കോന്നിയില്‍ ജാതിയല്ല ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്ന അടൂര്‍ പ്രകാശ് എംപിയുടെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി അടൂര്‍ പ്രകാശ് സമുദായത്തെ കുരുതി കൊടുത്തുവെന്നും സമുദായത്തിലെ കുലംകുത്തിയാണ് അടൂര്‍ പ്രകാശെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മതേതരത്വം പറയുന്ന അടൂര്‍ പ്രകാശിനോട് കോണ്‍ഗ്രസിനകത്ത് ഒരൊറ്റ ഈഴവനുണ്ടോ എംഎല്‍എയായിട്ട് എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കപടമുഖമാണ് അഴിഞ്ഞു വീഴുന്നത്. സ്വന്തം കാര്യം വരുമ്പോള്‍ മതം പറയുകയും മറ്റുള്ളവരുടെ കാര്യത്തില്‍ മതേതരത്വം പറയുകായും ചെയ്യുന്ന അടൂർ പ്രകാശിന് രണ്ടു മുഖങ്ങളാണെന്നും വെള്ളാപ്പിള്ളി വിമർശിച്ചു..

സമുദായിക സന്തുലനം നോക്കി വേണം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത്. പക്ഷെ അതു തുറന്നു പറയാനുള്ള മടി കാണിച്ച് മറ്റാരെയോ സുഖിപ്പിക്കാന്‍ അടൂര്‍ പ്രകാശ് ശ്രമിക്കുന്നത് ആത്മഹത്യപരമാണ്. സമുദായത്തിലെ കുലംകുത്തിയായി അടൂര്‍പ്രകാശ് മാറിയെന്ന് ഞാന്‍ പറഞ്ഞാല്‍ അതു നിഷേധിക്കാന്‍ സമുദായത്തിലുള്ളവര്‍ക്ക് കഴിയില്ലെന്നും വെള്ളാപ്പള്ളി പറ‌ഞ്ഞു.

അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന ഷാനിമോള്‍ ഉസ്മാന് വിജയസാധ്യതയില്ല. അവിടെ ഭൂരിപക്ഷസമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. വനിതകളെയടക്കം അരൂരില്‍ പരിഗണിക്കണം. അങ്ങനെയുള്ളവര്‍ മണ്ഡലത്തില്‍ തന്നെയുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരേയും വിദ്യാഭ്യാസമുള്ളവരേയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

You might also like

-